കൊച്ചി: ജോസഫ് വഴങ്ങിയില്ല; ചർച്ച വീണ്ടും വഴിമുട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ്- എം ഉറച്ചുനിൽക്കുകയും, മത്സരതീരുമാനത്തിൽ നിന്ന് പി.ജെ. ജോസഫ് പിൻവാങ്ങാതിരിക്കുകയും ചെയ്‌തതോടെ, ആലുവയിൽ നാളെ വീണ്ടും ചർച്ച തുടരാമെന്ന ധാരണയിൽ യു.ഡി.എഫ്.
ഒരു സീറ്റ് കൂടി നൽകുന്നതിലെ പ്രയോഗിക ബുദ്ധിമുട്ട് ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ കോൺഗ്രസ് നേതൃത്വം അറിയിച്ചെങ്കിലും വിട്ടുവീഴ്‌ചയ്‌ക്ക് കേരള കോൺഗ്രസ് തയ്യാറായില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എന്നിവരാണ് ഇന്നലെ കെ.എം. മാണി, പി.ജെ. ജോസഫ്, ജോസ് കെ. മാണി എന്നിവരുമായി ചർച്ച നടത്തിയത്.
ചർച്ച സൗഹാർദപരമായിരുന്നെന്നും പ്രശ്‌നം പരിഹരിച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമാണെന്നും കെ.പി.സി.സി പ്രസിഡന്റ് നയിച്ച ജനമഹായാത്രയ്‌ക്കു ലഭിച്ച സ്വീകരണം അതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു സീറ്റെന്ന ആവശ്യത്തിൽ കേരളാ കോൺഗ്രസ് അയഞ്ഞുവെന്ന് കരുതേണ്ട. രമ്യമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ
- കെ.എം. മാണി
പാർട്ടി പറഞ്ഞാൽ മത്സരിക്കും. പാർട്ടി ആവശ്യപ്പെട്ട കോട്ടയം, ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളിൽ എവിടെയും മത്സരിക്കാം.
- പി.ജെ. ജോസഫ്