പള്ളുരുത്തി: പെരുമ്പടപ്പ് - കുമ്പളങ്ങി പാലത്തിൽ ബസിടിച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ആംബുലൻസ് ഡ്രൈവർ മരിച്ചു.കുമ്പളങ്ങി ചേന്നാമ്പള്ളി ചിറയിൽ അശോകന്റെ മകൻ അപ്പു എന്നു വിളിക്കുന്ന അബിൻകുമാറാണ് (28) മരിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലിനോക്കുകയായിരുന്നു. . ഇന്നലെ രാവിലെ പത്തോടെയാണ് അപകടം.
ചിറ്റൂർ - പെരുമ്പടപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് റാഫേൽ ബസ് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അബിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബസ് നിറുത്താതെ പോയി..പെരുമ്പടപ്പിൽ നിന്ന് കുമ്പളങ്ങിയിലേക്ക് പോവുകയായിരുന്നു ബസ് . അപകടം നടന്ന സമയത്ത് ഈ ബസിന് കുമ്പളങ്ങിയിലേക്ക് സർവീസ് ഇല്ലായിരുന്നു. യഥാർത്ഥ ഡ്രൈവറല്ല ബസ് ഓടിച്ചിരുന്നതെന്ന് ആരോപണമുണ്ട്.ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. ആരെയും അറസ്റ്റുചെയ്തിട്ടില്ല.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ബേബിയാണ് അബിൻകുമാറിന്റെ അമ്മ. ഭാര്യ: മിന്നു. ഒന്നരവയസുള്ള ശിവാനിയാണ് മകൾ. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ.