ആലുവ: ഭാരതത്തിലെ വിശ്വാസികൾക്ക് അറിവിന്റെ കുറവില്ലെന്നും അഹന്തയുടെ കൂടുതൽ കൊണ്ടാണ് അസഹിഷ്ണുത വർദ്ധിക്കുന്നതെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
ശിവരാത്രിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ നടന്ന 96 - ാമത് സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ശ്രീനാരായണ ഗുരുദേവൻ സർവമത സമ്മേളനം സംഘടിപ്പിച്ചത്. എന്നാലിപ്പോൾ വാദിക്കാതെ തന്നെ ജയിക്കാനാണ് ശ്രമം. സത്യത്തെ ആഗ്രഹിക്കുന്ന മതവിശ്വാസികൾ ഇതര മതത്തെയും ആദരിക്കും. മതങ്ങളെ മനുഷ്യൻ സൃഷ്ടിച്ചതാണ്. അപരനെ ഉൾക്കൊള്ളാനുള്ള ഹൃദയവിശാലത ഉണ്ടാകണം.
കാണപ്പെടുന്നവരെ അവഗണിച്ച് കാണപ്പെടാത്ത ദൈവത്തെ ആരാധിക്കുകയാണ് മനുഷ്യർ. മനുഷ്യന്റെ അന്തസിനെ ഉയർത്തിപ്പിടിക്കുന്നതാണ് നമ്മുടെ ഭരണഘടന. മതത്തിന്റെ ഭരണഘടന പഠിച്ചാൽ മതസൗഹാർദ്ദം ശക്തമാകുമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഖജാൻജി സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതം പറഞ്ഞു. മലങ്കര, മാർത്തോമ സുറിയാനിസഭ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത, സി.എച്ച്. മുസ്തഫ മൗലവി (കണ്ണൂർ), ചിന്മയ മിഷൻ അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി എന്നിവർ പ്രഭാഷണം നടത്തി.
അൻവർ സാദത്ത് എം.എൽ.എ, സ്വാമി ധർമ്മചൈതന്യ എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം വി.ഡി. രാജൻ നന്ദി പറഞ്ഞു.