കോതമംഗലം: പൈങ്ങോട്ടൂരിൽ എസ്.ബി.ഐ ശാഖയുടെ എ.ടി.എം തകർത്ത് പണം തട്ടാൻ ശ്രമം. തിങ്കളാഴ്ച പുലർച്ചെ നാലേകാലോടെയാണ് പൈങ്ങോട്ടൂർ കവലയ്ക്ക് സമീപത്തെ എസ്.ബി.ഐ ശാഖയുടെ എ.ടി.എമ്മിൽ കവർച്ചാ ശ്രമം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കൾ എ.ടി.എമ്മിൽ പ്രവേശിക്കുന്നതും സി.സി.ടി.വി കാമറയിൽ പശതേക്കുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കറൻസി ചെസ്റ്റ് കമ്പിപ്പാര ഉപയോഗിച്ച് പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഇവർ പിന്തിരിഞ്ഞു. മൂവാറ്റുപുഴ ഡിവൈ.എസ്.പി ഷാജി, കല്ലൂർക്കാട് സബ് ഇൻസ്പെക്ടർ മധു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി.