leena

കൊച്ചി: കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർത്തത് കാസർകോട് ഉപ്പള സ്വദേശിയാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഷാർപ്പ് ഷൂട്ടർ എന്ന് അറിയപ്പെടുന്ന ഇയാൾ അധോലോക നായകൻ രവി പൂജാരയുടെ അടുത്ത അനുയായിയാണ്. വെടിവയ്പ്പിന് ശേഷം ഇയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇയാൾക്കൊപ്പം ബൈക്കിലെത്തിയ കറുത്ത വസ്ത്രധാരി മറ്റൊരു ക്രിമിനൽ കേസ് പ്രതിയാണ്. കാസർകോട് സ്വദേശിയായ ഇയാളും വിദേശത്തേക്ക് മുങ്ങിയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇരുവരുടെയും ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇവരെ കേരളത്തിൽ എത്തിക്കാനുള്ള നീക്കങ്ങളും തുടങ്ങി.

2010ൽ കാസർകോട് ബേവിഞ്ചയിൽ പൊതുമരാമത്ത് കരാറുകാരൻ എം.ടി. മുഹമ്മദിന്റെ വീട്ടിലേക്ക് വെടിയുതിർത്തതും ഈ ഷാർപ്പ് ഷൂട്ടറാണെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ആ കേസിന്റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ച് തുടങ്ങി. രവി പൂജാര ആവശ്യപ്പെട്ട 50 കോടി കൊടുക്കാത്തതിന്റെ പേരിലായിരുന്നു അന്ന് മുഹമ്മദിന്റെ വീടിനുനേരെ ആക്രമണമുണ്ടായത്. മുഖം മറച്ചെത്തിയ രണ്ടംഗ സംഘം രവി പൂജാരയുടെ പേരെഴുതിയ തുണ്ടു കടലാസ് ഉപേക്ഷിച്ചിരുന്നു. എട്ടുപേർ പ്രതികളായ കാസർകോട് കേസിൽ പൂജാര അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്യാൻ കഴിയാതെയാണ് 2014ൽ കുറ്റപത്രം നൽകിയത്. 2013 ജൂലൈയിലും മുഹമ്മദിന്റെ വീടിന് നേരെ വെടിവയ്പ്പുണ്ടായിരുന്നു.

ഇവിടെ ഡോക്ടറുടെ കൂട്ട്

നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി കോടികൾ തട്ടാൻ പദ്ധതിയിട്ടതും അതിനായി വെടിവയ്പ്പിന് പിന്നിൽ പ്രവർത്തിച്ചതും കൊച്ചിയിലെ ക്രിമിനൽ സംഘത്തിൽപ്പെട്ട ഒരു ഡോക്ടറാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. രവി പൂജാരയുമായി ചേർന്നാണ് ഇയാൾ പദ്ധതി ആസൂത്രണം ചെയ്തത്. കൊച്ചിയിലും മംഗലാപുരത്തുമുള്ള ഗുണ്ടാ സംഘങ്ങളുടെ സഹായവും ഡോക്ടർ തേടിയിരുന്നു. രവി പൂജാരയുടെ നിർദ്ദേശത്തെ തുടർന്നാണ് ഷാർപ്പ് ഷൂട്ടർ കൊച്ചിയിൽ എത്തിയതെന്നാണ് വിവരം. ഒളിവിൽപോയ ഡോക്ടറിനായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊർജിതമാക്കി.

ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പ് നടത്തിയ രണ്ടംഗ സംഘത്തിന് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടാകാമെന്ന് പൊലീസ് ആദ്യമേ ഉറപ്പിച്ചിരുന്നു. ഈ വഴിക്ക് നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ സൂത്രധാരനായ ഡോക്ടറിലേക്ക് എത്തിയത്. തുടർന്ന് ഇയാളുടെ കാെല്ലത്തെയും കാഞ്ഞങ്ങാട്ടെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡും നടത്തി. അതോടെയാണ് ഷാർപ്പ് ഷൂട്ടറടക്കമുള്ള ക്രിമനിലുകൾക്ക് കേസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത്.

പൊലീസിനെതിരെ വ്യാജ പരാതി
ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത് കൊണ്ടുവന്ന കൊച്ചി സിറ്റി പൊലീസിലെ ഉദ്യോഗസ്ഥരെ കുടുക്കാൻ ക്രിമിനൽ സംഘത്തിന്റെ വ്യാജ പരാതി. വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ട് പ്രാദേശിക ക്രിമിനൽ സംഘത്തിന്റെ നീക്കം പൊലീസ് രഹസ്യമായി ചോർത്തിയിരുന്നു. അന്വേഷണം ഡോക്ടറിലേക്ക് എത്തിയതോടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് ക്രിമിനൽ സംഘം തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ പരാതി എത്തിയത്. എന്നാൽ, വിവരങ്ങൾ ചോർത്തിയതടക്കം കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ റിപ്പോർട്ടുകളും മേലുദ്യോഗസ്ഥനെ പൊലീസുകാർ അറിയിച്ചിരുന്നു. ഇതോടെ പരാതിക്ക് പ്രസക്തിയില്ലാതായി. പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റിയിലെ എസ്.ഐ റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴി എടുത്തിരുന്നു.