ajay-johny
അജയ് ജോണി

കൊച്ചി: റോഡപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച ചേരാനെല്ലൂർ സ്വദേശി അജയ് ജോണിയുടെ (19)അവയവങ്ങൾ നാലു പേർക്ക് പുതുജീവൻ നൽകി. ശനിയാഴ്ച വരാപ്പുഴ പാലത്തിൽ അജയ് സഞ്ചരിച്ച ബൈക്കിൽ അജ്ഞാതവാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അജയ് ആസ്റ്റർ മെഡ്സിറ്റിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്.

കൂലിപ്പണിക്കാരനായ നടുവിലപ്പറമ്പിൽ ജോണിയുടെയും ഷെർളിയുടെയും ഏക മകനാണ് അജയ്. വെൽഡിംഗ് ജോലിക്കാരനായ അജയ്ആയിരുന്നു കുടുംബത്തിന്റെ അത്താണി. മകന്റെ ഓർമ്മ നിലനിറുത്താനാണ് മാതാപിതാക്കൾ അവയവദാനത്തിന് തയ്യാറായതെന്ന് ബന്ധുവായ റിച്ചു ജോർജ് പറഞ്ഞു.

കരൾ ആസ്റ്റർ മെഡ്‌സിറ്റിയിലെ രോഗിക്ക് നൽകി. പാൻക്രിയാസും ഒരു വൃക്കയും അമൃത ആശുപത്രിയിലും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും നൽകി. സർക്കാരിന്റെ അവയവദാന ശൃംഖലയായ മൃതസഞ്ജീവനിയിലൂടെയാണ് സ്വീകർത്താക്കളെ തിരഞ്ഞെടുത്തത്.