kunjalikkutty

കൊച്ചി : ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളുണ്ടായിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കെ.എ. റൗഫും ഷെരീഫും ഇരകൾക്ക് പണം നൽകിയതിന് തെളിവുകളുണ്ട്. എന്നാൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്കു വേണ്ടി പണം നൽകിയതിന് തെളിവില്ല.

കുഞ്ഞാലിക്കുട്ടിയുമായി ശത്രുതയിലായതിനാൽ റൗഫിന്റെ മൊഴികൾ വിശ്വസനീയമല്ല. കേസിലെ 16 പ്രതികളും സംശയിക്കുന്ന എട്ടു പേരും അതിസമ്പന്നരും സ്വാധീനമുള്ളവരുമാണ്. എന്തിനാണ് ഇരകൾക്ക് പണം നൽകിയതെന്ന് റൗഫിനും ഷെരീഫിനും മാത്രം അറിയാവുന്ന കാര്യമാണെന്നും കോഴിക്കോട് അസി. കമ്മിഷണർ എ.ജെ. ബാബു നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. കേസന്വേഷണം അവസാനിപ്പിക്കണമെന്ന അന്തിമ റിപ്പോർട്ട് കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ശരി വച്ചതിനെതിരെ വി.എസ്. അച്യുതാനന്ദൻ നൽകിയ ഹർജിയിലാണ് ഈ നിലപാടെടുത്തത്. കേസ് അട്ടിമറിച്ചെന്ന കെ.എ. റൗഫിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് 2011 ജനുവരി 30നാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
കേസ് അട്ടിമറിച്ചെന്ന കേസിൽ അന്തിമ റിപ്പോർട്ടും കേസ് ഡയറിയും ഹൈക്കോടതി നേരത്തേ പരിശോധിച്ച് തൃപ്തി അറിയിച്ചതാണ്. കുഞ്ഞാലിക്കുട്ടിയടക്കം ആരെയും കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നും വി.എസിന്റെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധവും കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും എ.ജെ. ബാബു പറഞ്ഞു.