balitharppanam
മണപ്പുറത്ത് ഇന്നലെ പുലർച്ചെ ബലിതർപ്പണം നടത്തുന്നവർ

ബലിതർപ്പണം ഇന്ന് ഉച്ചവരെ തുടരും

ആലുവ: നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം നാശം വിതച്ച മണപ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും ശിവരാത്രിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെയോടെ ഭക്തജന പ്രളയമായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെ ആരംഭിച്ച തിരക്ക് ഇന്നലെ ഉച്ചവരെ തുടർന്നു.

മൂന്ന് ദിവസം തർപ്പണത്തിന് സമയമുണ്ടെങ്കിലും തിങ്കളാഴ്ച്ചയും ഇന്നലെയുമായി ഏതാണ്ട് പത്ത് ലക്ഷത്തിലേറെ പേർ പെരിയാറിന്റെ ഇരുകരകളിലുമായി തർപ്പണം നടത്തിയെന്നാണ് പ്രാഥമിക നിഗമനം. കുംഭമാസത്തിലെ വാവ് ഇന്നായതിനാൽ ഇന്ന് ഉച്ചവരെ കൂടി തർപ്പണ ചടങ്ങുകൾ നീണ്ടുനിൽക്കും.

തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് മണപ്പുറത്തും അദ്വൈതാശ്രമത്തിലും ബലിതർപ്പണം ആരംഭിച്ചത്. ഉറക്കമിളച്ച് പെരിയാറിൽ മുങ്ങികുളിച്ച് ബലിതർപ്പണം നടത്താൻ തിങ്കളാഴ്ച്ച രാത്രി എത്തിയവരേക്കാൾ അധികം ഭക്തർ ഇന്നലെ രാവിലെയെത്തി. ദൂരെ ദിക്കുകളിൽ നിന്നുള്ളവർ നേരത്തെ ബലിതർപ്പണം നടത്തി മടങ്ങി. മണപ്പുറത്ത് സേവാഭാരതിയുടെ 750 വളണ്ടിയർമാർ ഭക്തജനങ്ങൾക്ക് സഹായവുമായി ഉണ്ടായിരുന്നു. മണപ്പുറത്ത് 300 ഓളം താത്കാലിക ബലിത്തറകളുണ്ടായിരുന്നു. അദ്വൈതാശ്രമത്തിൽ 2000 പേർക്ക് ഒരേസമയം ബലിയിടാൻ സൗകര്യമുണ്ടായിരുന്നു. സ്വാമി ധർമ്മചൈതന്യ, സ്വാമി ഗുരുപ്രകാശം, നാരായണപ്രസാദ് തന്ത്രികൾ, പി.കെ. ജയന്തൻ ശാന്തി, ഋഷിചൈതന്യ, മധുശാന്തി, ആർ. ചന്ദ്രശേഖരൻ എന്നിവരുടെ കാർമ്മികത്വത്തിലാണ് അദ്വൈതാശ്രമത്തിൽ ബലിതർപ്പണങ്ങൾ നടന്നത്.

അദ്വൈതാശ്രമം ഭക്തജന സമിതിയുടെ നേതൃത്വത്തിൽ 150 സന്നദ്ധ സേവകർ ബലിതർപ്പണത്തിന് സേവകരായുണ്ടായിരുന്നു. മണപ്പുറത്തും അദ്വൈതാശ്രമത്തിലും പൊലീസ് കനത്ത സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കാര്യമായ കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ശിവരാത്രിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേളക്കും ഒരാഴ്ചക്കാലത്തെ ദൃശ്യോത്സവത്തിനും നഗരസഭ ആതിഥേയത്വം വഹിക്കും. ദൃശ്യോത്സവം അടുത്ത ഞായറാഴ്ച തുടങ്ങും. വ്യാപാര മേളയിൽ 40 സ്റ്റാളുകളും നൂറുകണക്കിന് ചെറുകിട കച്ചവടക്കാരും ഉണ്ടാകും. വ്യാപാര മേളയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനായി അമ്യൂസ്‌മെന്റ് പാർക്കും ഒരുക്കിയിട്ടണ്ട്.