bjp
മുഖാമുഖത്തിൽ പങ്കെടുത്തവർ

ഭാരത് കി മാൻ കി ബാത്ത്

നെടുമ്പാശേരി: പ്രധാനമന്ത്രിയുടെ ഭാരത് കി മാൻ കി ബാത്ത് പരിപാടിയുടെ ഭാഗമായി മുഖാമുഖത്തിനെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഹർത്താൽ വിഷയത്തിൽ കൃത്യമായ മറുപടി പറയാതെ ഒഴി‌ഞ്ഞുമാറി. കഴിഞ്ഞ വർഷം കേരളത്തിൽ 98 ഹർത്താലുകൾ നടന്നെന്നും ഇതിനോട് ബി.ജെ.പിയുടെ നിലപാട് എന്താണെന്നും ബിസിനസുകാരി ജ്യോതി അദാനിയാണ് ചോദിച്ചത്.

ഹർത്താലിനെ അനുകൂലിക്കുന്നുവെന്നോ എതിർക്കുന്നുവെന്നോ പറയാൻ മന്ത്രി തയ്യാറായില്ല. ഭരണഘടന ഉറപ്പുനൽകുന്ന മൗലീക അവകാശം അനുസരിച്ച് സംഘടിക്കാമെന്നും നിയമത്തിന് അനുസൃതമായി പ്രതിഷേധിക്കാമെന്നും പറഞ്ഞു. ബി.ജെ.പി പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണ്. . ബേക്കറി മേഖലയിൽ ജി.എസ്.ടി ഉയർത്തിയത് പ്രതിസന്ധിയിലാക്കിയെന്ന് മറിയ തേരസ പരാതിപ്പെട്ടു. ഒന്നര കോടി വരെ വാർഷിക ടേൺ ഓവറുള്ളവരുടെ ജി.എസ്.ടി രണ്ട് ശതമാനത്തിൽ നിന്നും ഒരു ശതമാനമാക്കാൻ ജി.എസ്.ടി കൗൺസിലിനോട് ശുപാർശ ചെയ്തതായി മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽപ്പെട്ട ഏഴ് പേരാണ് ചോദ്യം ഉന്നയിച്ചത്. ക്ഷേത്രങ്ങളുടെ നിയന്ത്രണം, കോർപ്പറേറ്റുകളുടെ അതിപ്രസരം, ഇലക്ട്രിക് ബോട്ടുകൾ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി.

പൊതുതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടനപത്രിക തയ്യാറക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ 7500 കേന്ദ്രങ്ങളിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

എല്ലാ വിഷയങ്ങളും സംബന്ധിച്ച് വിശദമായ രേഖകൾ ഓൺലൈൻ വഴി സമർപ്പിക്കാം. ഇത്തരം മുഖാമുഖങ്ങളിലൂടെ പത്ത് കോടി നിർദ്ദേശങ്ങളെങ്കിലും സ്വികരിക്കാനാണ് ബി.ജെ.പി ലക്ഷ്യമിട്ടുള്ളത്. ജനവികാരം ഉൾകൊണ്ട് പ്രകടനപത്രിക തയ്യാറാക്കുകയാണ് ലക്ഷ്യം. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ്, ദേശിയ സമിതിയംഗങ്ങളായ നെടുമ്പാശേരി രവി, ശിവശങ്കരൻ എന്നിവർ പങ്കെടുത്തു. സിയാൽ ഡയറക്ടർ എൻ.വി. ജോർജ്, ഒസാക്ക ട്രാവൽസ് എം.ഡി ബോസ്, ഹരീഷ് നമ്പ്യാർ, നാരായണൻ നമ്പ്യാർ, സന്ദീപ് എന്നിവർ നിർദ്ദേശങ്ങൾ ഉന്നയിച്ചു.