കൊച്ചി: വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ തുടർച്ചയായി പരിശോധന നടത്തണമെന്ന് ആർ.ടി.ഒമാർക്കും ജോയിന്റ് ആർ.ടി.ഒമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ വി. സുരേഷ് കുമാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ വിവേചനം നേരിടുന്നതു വ്യക്തമാക്കി കേരളകൗമുദി പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ട്രാൻസ്പോർട്ട് കമ്മിഷണറോട് റിപ്പോർട്ട് തേടിയിരുന്നു.

വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകാൻ സ്വകാര്യ ബസുകൾക്ക് ബാദ്ധ്യതയില്ലെന്ന വാദവുമായി​ ആൾ കേരള ബസ് ഒാപ്പറേറ്റേഴ്സ് ഒാർഗനൈസേഷൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ കേരളകൗമുദി പ്രസിദ്ധീകരിച്ച ചിത്രം ചൂണ്ടിക്കാട്ടി വിശദീകരണം തേടിയത്.

സീറ്റുകൾ ഒഴിവുണ്ടെങ്കിൽ വിദ്യാർത്ഥികളെ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ബസ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും മൊബൈൽ എൻഫോഴ്സ്‌മെന്റ് ടീം പരിശോധി​ച്ച് ആവശ്യമെങ്കി​ൽ നടപടിയെടുക്കും. തൃശൂർ - ചാത്തക്കുടം റൂട്ടിൽ നിലനിന്ന യാത്രാപ്രശ്നം ലഘൂകരിച്ചിട്ടുണ്ട്. തൃശൂർ ആർ.ടി.ഒയ്ക്ക് കീഴിലുള്ള ഫീൽഡ് ഒാഫീസർമാർ രഹസ്യ പരിശോധന നടത്തിയിരുന്നു. മറ്റു ചില മേഖലകളിൽ നടത്തിയ അന്വേഷണത്തിൽ കുഴപ്പം കണ്ടെത്തിയ നാല് ബസുകൾക്കെതിരെ കേസ് എടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇരിപ്പുറയ്ക്കാത്ത ബസ്, ആ ചിത്രവും കോടതിയിലെത്തി
തൃശൂർ - ചാത്തക്കുടം റൂട്ടിൽ വിദ്യാർത്ഥികളോട് വിവേചനം കാട്ടിയ ബസ് ഏതെന്നറിയാൻ കഴിയുന്ന തരത്തിൽ ഫെബ്രുവരി 22 ന് കേരളകൗമുദി പ്രസിദ്ധീകരിച്ച ചിത്രവും ഇന്നലെ കോടതിയിലെത്തി. 'ഇരിപ്പുറയ്ക്കാതെ ഒാടുന്ന ആ ബസ് ഇതാ' എന്ന തലക്കെട്ടിലുള്ള ചിത്രം കോടതി തന്നെയാണ് കക്ഷികൾക്ക് പരിശോധിക്കാൻ നൽകിയത്.

വിദ്യാർത്ഥികൾ നിന്ന് യാത്ര ചെയ്യുന്ന വാർത്താചിത്രം ഫെബ്രുവരി ഒന്നിന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് ഇൗ ബസ് ഏതാണെന്ന് കണ്ടെത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്.