dileep

കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു. രണ്ടാം പ്രതി മാർട്ടിൻ ആന്റണിയുടെ ജാമ്യാപേക്ഷ തള്ളിയാണ് സിംഗിൾബെഞ്ച് ഉത്തരവ്. ഒമ്പതാം തവണയാണ് മാർട്ടിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. നടിയെ ഒന്നാം സാക്ഷിയുടെ അടുത്തേക്ക് കൊണ്ടുവിട്ടത് താനാണെന്നും അന്വേഷണത്തിൽ ഒളിച്ചോടാൻ ശ്രമിച്ചിട്ടില്ലെന്നും മാർട്ടിൻ വാദിച്ചു. മുഖ്യപ്രതിയായ നടൻ ദിലീപ് 85 ദിവസമാണ് റിമാൻഡിൽ കഴിഞ്ഞത്. പിന്നീട് പുറത്തിറങ്ങി സിനിമയിൽ അഭിനയിക്കുന്നു, പൊതുപരിപാടികളിൽ പങ്കെടുക്കുന്നു. 2017 ഫെബ്രുവരി 18ന് അറസ്റ്റിലായ താൻ രണ്ടു വർഷത്തിലേറെയായി ജയിലിലാണെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. തുടർന്നാണ് വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ന്യായമായ വിചാരണ അന്തസോടെ ജീവിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ ഭാഗമാണെന്നും വിധിയുടെ പകർപ്പ് വിചാരണക്കോടതിക്ക് നൽകാനും ഹൈക്കോടതി നിർദേശിച്ചു.