dean-kuriakose

കൊച്ചി: ഹർത്താൽ പ്രഖ്യാപിക്കുന്നതിന് ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെക്കുറിച്ച് വ്യക്തിപരമായി അറിവുണ്ടായിരുന്നില്ളെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഹൈക്കോടതി ഡീൻ കുര്യാക്കോസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽ കേസ് ഇന്ന് പരിഗണനയ്ക്കു വരുന്നുണ്ട്. ഹൈക്കോടതിയോടും വിധികളോടും തികഞ്ഞ ബഹുമാനമാണുള്ളത്. ജനദ്രോഹപരമായ ഹർത്താലുകൾ നിരോധിക്കണമെന്ന കേരള ചേംബർ ഒഫ് കൊമേഴ്സിന്റെ ഹർജിയിലാണ് മിന്നൽ ഹർത്താൽ ഹൈക്കോടതി തടഞ്ഞത്. ഇൗ കേസിൽ കക്ഷിയല്ല. ഉത്തരവിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തിപരമായി അറിവുണ്ടായിരുന്നില്ല. കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് ഫെബ്രുവരി 18 ന് ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു. ക്രൂരമായ കൊലപാതകങ്ങളിൽ നിന്ന് മാദ്ധ്യമ ശ്രദ്ധ തിരിക്കാനാണ് സർക്കാർ തെറ്റായ വിവരങ്ങൾ കോടതിയിൽ നൽകിയതെന്നും ഡീൻ കുര്യാക്കോസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.