കൊച്ചി : പനമ്പിള്ളി നഗർ ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യ പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മജിസ്ട്രേട്ട് കോടതിയിൽ പ്രാഥമിക കുറ്റപത്രം നൽകി. ഗൂഢാലോചന, വധഭീഷണി, പണം തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങളും ആയുധ നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന ക്രിമിനൽ സംഘത്തിനും കേസിൽ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ ഡിസംബർ 15 നാണ് നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലുള്ള നെയിൽ ആർട്ടിസ്ട്രിയെന്ന ബ്യൂട്ടി പാർലറിനു നേരെ ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാത സംഘം നിറയൊഴിച്ചത്. കഴിഞ്ഞ നവംബറിൽ രവി പൂജാരി നടി ലീന മരിയ പോളിനെ ഫോണിൽ വിളിച്ച് 25 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വെടിവയ്പ് നടത്തിയത്.
കേസന്വേഷണം നടക്കുന്നതിനിടെ ജനുവരി അഞ്ചിന് രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ ഇന്റർപോളിന്റെ പിടിയിലായിരുന്നു. ഇയാളെ ഇന്ത്യയിലെത്തിച്ചാൽ വിട്ടു കിട്ടാനുള്ള നടപടികളുടെ ഭാഗമായാണ് ഒരാളെയും അറസ്റ്റ് ചെയ്യാത്ത കേസിൽ കുറ്റപത്രം നൽകിയത്. കാസർകോട് ബേവിഞ്ചിയിൽ ഒരു കരാറുകാരന്റെ വീടിനു നേരെ സമാനമായ ആക്രമണമുണ്ടായതും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടിയുടെ ബ്യൂട്ടിപാർലറിനു നേരെ വെടിവയ്പ് നടത്തിയ സംഭവത്തിനു ശേഷം രവി പൂജാരി ഒരു സ്വകാര്യ വാർത്താ ചാനലിലേക്ക് ഫോൺ ചെയ്ത് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.