കൊച്ചി : ഗിരീഷ്‌കുമാറിന്റെ നെഞ്ചിൽ കാതോർത്തപ്പോൾ കൗതുക മിടിപ്പുകളായിരുന്നു നടൻ ജയസൂര്യയിലേക്കെത്തിയത്, അഞ്ചുവർഷം പിന്നിട്ട മൂന്നാം ഹൃദയത്തിന്റെ വിസ്മയം. അസാധാരണമായ ധൈര്യം ശീലമാക്കിയ ഗിരീഷ്‌കുമാറിനെ മധുരമേകിയും കൈയടിച്ചും അഭിനന്ദിക്കാൻ ഹൃദയമാറ്റ ശസ്ത്രക്രിയാ വിദഗ്‌ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറമുൾപ്പെടെയുള്ളവരാണ് എത്തിയത്. പാലക്കാട് സ്വദേശിയും ബംഗളൂരു വിപ്രോയിൽ ഐ.ടി ഉദ്യോഗസ്ഥനുമായ ഗിരീഷ്‌കുമാറിന് രണ്ടുതവണയാണ് ഹൃദയം മാറ്റിവച്ചത്. മൂന്നാം ഹൃദയവുമായി അഞ്ചുവർഷം പിന്നിട്ട രാജ്യത്തെ ഏക വ്യക്തി ഗിരീഷാണെന്ന് ശസ്ത്രക്രിയ നടത്തിയ ലിസി ആശുപത്രി അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.
ആശുപത്രിയിൽ ഇന്നലെ നടന്ന ആദരിക്കൽ ചടങ്ങിൽ മുഖ്യാതിഥിയായ ജയസൂര്യയും ഗിരീഷ്‌കുമാറിന് മധുരം നൽകി. രോഗികളെ ആശുപത്രിയിലെ മെഷീനുകളിൽ കയറ്റിയിറക്കുന്നതിനു പകരം ആദരിക്കുന്നത് സന്തോഷമാണെന്ന് ജയസൂര്യ പറഞ്ഞു. അവയവദാനത്തിനെതിരായ പ്രചാരണം അവസാനിപ്പിച്ചാൽ തന്നെപ്പോലെ നിരവധിപേർക്ക് കൂടുതൽ കാലം ജീവിക്കാനാകുമെന്ന് ഗിരീഷ് കുമാർ പറഞ്ഞു.
തുടക്കം 38-ാം വയസിൽ
മുപ്പത്തിയെട്ടാം വയസിലാണ് ഗിരീഷിൽ ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ നടത്തിയത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതിയാണ് അന്ന് വില്ലനായത്. നട്ടെല്ലിന് ഗുരുതര തേയ്‌മാനമുണ്ടായിരുന്ന (ക്രോണിക് ആങ്കിലോസിംഗ് സ്‌പോണ്ടിലോസിസ്) ഗിരീഷ് കുറച്ചു മാസങ്ങൾക്കുശേഷം ഇടുപ്പെല്ല് മാറ്റിവയ്‌ക്കലിനും വിധേയനായി. തുടർന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ഹൃദയവാൽവിൽ അണുബാധയുണ്ടായി. ഹൃദയം മാറ്റിവയ്‌ക്കുക മാത്രമായിരുന്നു പോംവഴി. അനുയോജ്യമായ ഹൃദയം ലഭിച്ചാൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുമെന്ന് തീവ്രപരിചരണ വിഭാഗത്തിൽ വച്ച് ഗിരീഷ് ഡോ. പെരിയപ്പുറത്തിനോട് പറഞ്ഞു. രണ്ടാം ഹൃദയമാറ്റൽ ഇന്ത്യയിൽ മുമ്പ് ചെയ്‌തിട്ടില്ല. യോജിച്ച ഹൃദയം കിട്ടാനും പ്രയാസം. ഗിരീഷിനെ വെന്റിലേറ്ററിലേക്ക് മാറ്റി.
മസ്‌തിഷ്‌ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശിയുടെ ഹൃദയം ലഭ്യമാണെന്ന സർക്കാരിന്റെ കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിംഗിൽ നിന്നുള്ള സന്ദേശം ഇതിനിടെ ഡോ. പെരിയപ്പുറത്തിന് ലഭിച്ചു. പരിശോധനയിൽ അത് ഗിരീഷിന് അനുയോജ്യമാണെന്നു കണ്ടെത്തി. പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഗിരീഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തി.
ലോകത്തുതന്നെ അപൂർവമായിമാത്രം ചെയ്‌തിട്ടുള്ള ശസ്ത്രക്രിയ സാങ്കേതികമായി വിഷമം പിടിച്ചതായിരുന്നെന്ന് ഡോ. പെരിയപ്പുറം പറഞ്ഞു. ഈയിടെ വൃക്കയിലെ കല്ല് നീക്കുന്ന ശസ്ത്രക്രിയയ്‌ക്കും ഗിരീഷ് വിധേയനായി. ചികിത്സയ്‌ക്കുള്ള ചെലവുകൾ ഗിരീഷ് സ്വന്തമായാണ് കണ്ടെത്തിയത്.