നെടുമ്പാശേരി: കൊച്ചി - മസ്‌കറ്റ് സർവീസ് ഇൻഡിഗോ എയർലൈൻസ് ഏപ്രിൽ ഒന്ന് മുതൽ നിറുത്തലാക്കും. രാജ്യത്തെ 47 വിമാന സർവീസുകൾ റദ്ദാക്കുന്നതിന്റെ ഭാഗമായാണിത്. മസ്‌കറ്റിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ടിക്കറ്റ് എടുത്തിട്ടുള്ളവർക്ക് വിമാനക്കമ്പനി പണം മടക്കി നൽകുകയാണ്. പറക്കലിനിടെ എൻജിൻ തകരാറുണ്ടാകാൻ സാദ്ധ്യതയുള്ള വിമാനങ്ങൾ സർവീസിൽ നിന്ന് പിൻവലിക്കണമെന്ന വ്യോമയാന ഡയറക്ടർ ജനറലിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം എൻജിൻ തകരാറിനെ തുടർന്ന് ഒരു ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കിയിരുന്നു. തുടർന്ന് എയർബസ് എ 320 നിയോ വിമാനങ്ങളിൽ പരിശോധന വേണമെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ നിർദേശിക്കുകയും ചെയ്തു. സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന സർവീസായിരുന്നു ഇൻഡിഗോയുടേത്.