subharaj
സുബ്ബരാജ് ചക്കംകുളങ്ങര ക്ഷേത്ര ഊട്ടുപുര കലവറയിൽ വിഭവങ്ങൾ ഒരുക്കുന്നു

തൃപ്പൂണിത്തുറ: ചക്കംകുളങ്ങര ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അന്നദാനം ഒരുക്കുവാൻ ലഭിച്ചതി​ന്റെ സന്തോഷത്തിലാണ് മരട് ആര്യ കാറ്ററിംഗ് ഉടമ നാല്പത്തിയെട്ടുകാരനായ സുബ്ബണ്ണൻ എന്ന സുബ്ബരാജ്. 15വർഷത്തോളം ഈ രംഗത്തുള്ള സുബ്ബരാജ് പല ക്ഷേത്രങ്ങളിലും അന്നദാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ട് ചക്കംകുളങ്ങര തേവരുടെ സന്നിധിയിൽ അന്നദാനം ഒരുക്കുന്നത്. കഴിഞ്ഞ കൊല്ലം ഏഴ് ദിവസത്തോളം നീണ്ടു നിന്ന മരട് ഭാഗവത സത്രത്തിന് പതിനായിര കണക്കിന് ഭക്തർക്ക് ചിട്ടയോടു കൂടി അന്നദാനം ഒരുക്കി സുബ്ബരാജ് ജനശ്രദ്ധ ആകർഷിച്ചിരുന്നു. തുടർച്ചയായി അഞ്ചാം തവണയും ഭാഗവത സത്രത്തിനായി അന്നം ഒരുക്കുവാൻ സാധിക്കുന്നത് ഒരു സുകൃതമായി കരുതുന്നതായി സുബ്ബരാജ് പറയുന്നു. ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് കലാകാരന്മാർക്കുള്ള ഭക്ഷണം ഒരുക്കാറുള്ളതും സുബ്ബരാജ് ആണ്.
തൃപ്പൂണിത്തുറയിലെ മറ്റു ക്ഷേത്രങ്ങളിൽ ചോറിനൊപ്പം സാമ്പാർ ആണ് വിളമ്പാറുള്ളതെങ്കിൽ ചക്കരംകുളങ്ങര ക്ഷേത്രത്തിലെ അന്നദാനത്തിൽ രസകാളനാണ്. ഇവിടെ ചോറിനൊപ്പം വിളമ്പുന്നത് ചന്ദ്രക്കാരൻ മാമ്പഴം കൊണ്ട് ഉണ്ടാക്കിയ രസകാളനെന്ന്.പറയപ്പെടുന്ന മാമ്പഴപുളിശ്ശേരിയാണ്. ഇതിനായി 1000 ലിറ്റർ തൈരും, 8 ,500 റോളം ചന്ദ്രക്കാരൻ മാമ്പഴവും ഉപയോഗിക്കുന്നു.
ഏകദേശം 25,000 പേർക്കുള്ള അന്നദാനമാണ് ഇക്കുറി ചക്കംകുളങ്ങര ക്ഷേത്രത്തിൽ ഒരുക്കുന്നത്. രസകാളൻ കൂടാതെ രസം, അവിയൽ, ഓലൻ, ചക്കതോരൻ, അച്ചാർ, മോര്, പപ്പടം,പി​ന്നെ 2000 ലിറ്റർ പാൽപ്പായസവും .
വിശ്വാസിസമൂഹം ക്ഷേത്രത്തിലേക്കുള്ള അന്നദാനത്തിനുള്ള പച്ചക്കറിയും മറ്റും സൗജന്യമായിട്ടാണ് എത്തിച്ചു നൽകിയിട്ടുള്ളത്. വർഷങ്ങളായി ചക്കംകുളങ്ങര ക്ഷേത്രത്തിലെ അന്നദാനത്തിനുള്ള അരി പതിവായി എത്തിച്ചു നൽകാറുള്ളത് തൃപ്പൂണിത്തുറയിലെ അരി മൊത്ത വ്യാപാരിയായ പി.എസ്.എസ്.വി. വരദരാജ നാടാർ ആണ്. 25 ,000 പേർക്ക് പ്രതീക്ഷിക്കുന്ന അന്നദാനത്തിനായി 200 പറയുടെ അരിയാണ് ഇപ്രാവശ്യം നൽകിയത്. ആറാട്ടു ദിനമായ ഇന്ന് അന്നദാനം രാവിലെ ഒൻപതര മണിയോടെ ആരംഭിക്കും. രാത്രി ഏഴരക്ക് കൊടിയിറക്കവും ആറാട്ടിനെഴുന്നള്ളിപ്പും നടക്കും.