കൊച്ചി : മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള ഹർജി പിൻവലിക്കാൻ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അപേക്ഷ നൽകി. വ്യാപകമായി കള്ളവോട്ടു ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാൻ സാക്ഷികളെ ഹാജരാക്കുന്നതിന് ബുദ്ധിമുട്ടാണെന്നും രാഷ്ട്രീയ സമ്മർദ്ദത്താൽ സാക്ഷികൾ സമൻസ് കൈപ്പറ്റാൻപോലും മടിക്കുകയാണെന്നും അപേക്ഷയിൽ പറയുന്നു. മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച കെ.സുരേന്ദ്രൻ മുസ്ളിം ലീഗ് സ്ഥാനാർത്ഥിയായിരുന്ന പി.ബി. അബ്ദുൾ റസാഖിനോടു 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. മരിച്ചുപോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. കള്ളവോട്ടെന്ന് സംശയിക്കുന്നവയുടെ വിവരങ്ങളും ഹർജിക്കാരൻ നൽകി. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് തെളിവെടുപ്പിനായി ഇവർക്ക് സമൻസ് അയച്ചു. എന്നാൽ പലതും മടങ്ങി. പലരും വീട് പൂട്ടിയിട്ടും മറ്റും സമൻസ് കൈപ്പറ്റുന്നില്ലെന്ന് അപേക്ഷയിൽ പറയുന്നു.