കൊച്ചി: മിന്നൽ ഹർത്താൽ നിരോധിച്ച ഇടക്കാല ഉത്തരവിനെക്കുറിച്ച് അറിഞ്ഞില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഏതു തരത്തിലുള്ള പ്രകോപനമുണ്ടായാലും നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്തതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്.
കേസിൽ ഉൾപ്പെട്ട കാസർകോട് ജില്ലാ യു.ഡി.എഫ് നേതാക്കളായ എം.സി.കമറുദ്ദീൻ, എം.ഗോവിന്ദൻ നായർ എന്നിവർ നേരിട്ട് ഹാജരായി. കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ഫെബ്രുവരി18 ന് മിന്നൽ ഹർത്താലിനാഹ്വാനം ചെയ്തതിനെത്തുടർന്നാണ് ഇവർക്കെതിരെ കോടതിയലക്ഷ്യക്കേസ് എടുത്തത്.
സർക്കാർ ചൊവ്വാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകാൻ നിർദേശിച്ച ഡിവിഷൻ ബെഞ്ച് കേസ് മാർച്ച് 18 ലേക്ക് മാറ്റി. മൂവരെയും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് യു.ഡി.എഫ് നേതാക്കളുടെ അഭിഭാഷകൻ ഇന്നലെ ബോധിപ്പിച്ചു. സമാധാനപരമായി ഹർത്താൽ നടത്താനാണ് ആഹ്വാനം ചെയ്തതെന്ന് ഡീൻ കുര്യാക്കോസ് വാദിച്ചെങ്കിലും ഹർത്താലിന്റെ ഫലമെന്താണെന്ന് നോക്കണമെന്നും അതിനാണ് പ്രസക്തിയെന്നും ഡിവിഷൻ ബെഞ്ച് മറുപടി നൽകി.
പ്രതിഷേധിക്കാനുള്ള അവകാശം തടഞ്ഞിട്ടില്ല
പ്രതിഷേധിക്കാനുള്ള അവകാശം തടഞ്ഞിട്ടില്ല. മറ്റുള്ളവരുടെ മൗലികാവകാശങ്ങൾ ഇതിന്റെ പേരിൽ ലംഘിക്കരുത്. പ്രതിഷേധിക്കാൻ മറ്റുള്ളവരെ നിർബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹർത്താലിനെതിരായ ഹർജികളിൽ കക്ഷികളല്ലെന്നും ഉത്തരവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും മൂവരും വാദിച്ചു. എന്നാൽ പൊതു താല്പര്യ ഹർജികളിൽ കോടതിയുത്തരവ് എല്ലാവർക്കും ബാധകമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെക്കുറിച്ച് അറിഞ്ഞില്ലെന്നത് ഒരു വസ്തുതയാകാം. ഇതൊരു വാദമായി അംഗീകരിക്കാൻ കഴിയില്ല.