ava

ചെന്നൈ: എ.വി.എ പ്രൊഡക്‌ഷൻസിനു വേണ്ടി ഡോ.എ.വി. അനൂപും പ്രദീപ് ചോലയിലും ചേർന്ന് നിർമ്മിച്ച 'നീർമിഴിപ്പീലികൾ" എന്ന ഷോർട്ട് ഫിലിം ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടംപിടിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങൾ മാത്രം അഭിനയിച്ച ആദ്യ മലയാള ഷോർട്ട് ഫിലിം എന്ന നിലയിലാണ് ഈ നേട്ടം. വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്.

പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തത് ഡോ. അനൂപും മകൾ പ്രതീക്ഷ അനൂപുമാണ്. മെഡിമിക്‌സിന്റെ അമ്പതാം വർഷികത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്കുള്ള സന്ദേശവുമായി എ.വി.എ പ്രൊഡക്‌ഷൻസ് ഈ ചിത്രം നിർമ്മിച്ചത്. മലയാള സിനിമാ വ്യവസായ രംഗത്തെ പ്രമുഖനായ ഡോ.അനൂപ്,​ മികച്ച സ്‌റ്രേജ് ആർട്ടിസ്‌റ്റുമാണ്.

സിനിമയ്ക്ക് സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താനാകുമെന്നും തിയേറ്രറിനോടും സിനിമയോടുമുള്ള തന്റെ ആവേശമാണ് എ.വി.എ പ്രൊഡക്‌ഷൻസിന്റെ രൂപീകരണത്തിന് പിന്നിലെന്നും ഡോ. അനൂപ് പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം 'നീർമിഴിപ്പീലികൾ" നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.