82 കേസുകളിലായി ഇതിനകം തിരിച്ചുപിടിച്ചത് ₹65,748 കോടി
കൊച്ചി: വായ്‌പാത്തിരിച്ചടവിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ നടപടിക്കായി കൊണ്ടുവന്ന ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്‌സി കോഡ് (ഐ.ബി.സി) ബാങ്കുകൾക്ക് നേട്ടമാകുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 82 കുടിശികക്കാരിലെ 1.43 ലക്ഷം കോടി രൂപയുടെ കേസുകൾ ഐ.ബി.സിയിലൂടെ പരിഹരിച്ചു. ഇതിൽ 65,748 കോടി രൂപയും തിരിച്ചുിടിച്ചുവെന്നും ഇതു വലിയ നേട്ടമാണെന്നും ബാങ്കുകൾ വിലയിരുത്തുന്നു. ബാക്കിത്തുക വീണ്ടെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ആകെ 1,627 ഐ.ബി.സി കേസുകൾ 2018 ഡിസംബർ പ്രകാരം ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന് (എൻ.സി.എൽ.ടി) മുന്നിലുണ്ട്. ഇതിൽ, 205 കേസുകളിൽ നടപടികൾ പൂർത്തിയാകുകയോ അപ്പീൽ ഹർജി സമർപ്പിക്കപ്പെട്ടത് പ്രകാരം നടപടികൾ നിറുത്തിവച്ചിരിക്കുകയോ ആണ്. ഐ.ബി.സി കേസുകൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്നാണ് ചട്ടം. 275 കേസുകൾ ഈ കാലാവധി കഴിഞ്ഞിട്ടും പരിഹരിക്കാനായിട്ടില്ല. ഈ കേസുകളുടെ പുനർനടപടികൾ സംബന്ധിച്ച അനിശ്‌ചിതത്വം തുടരുകയാണ്. ബാങ്കുകളിൽ നിന്ന് വൻതുക വായ്‌പ എടുത്തശേഷം കുടിശിക വരുത്തുന്നവർക്കെതിരെ നടപടിക്കായി 2016 ഡിസംബറിലാണ് ഐ.ബി.സി നിലവിൽ വന്നത്.