കൊച്ചി: ഇന്ത്യ 2030ഓടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഉപഭോക്തൃ വിപണിയാകുമെന്ന് പ്രമുഖ മാർക്കറ്ര് അഡ്വൈസർമാരായ ബെയിൻ ഇന്ത്യയുടെയും ലോക സാമ്പത്തിക ഫോറത്തിന്റെയും പഠനങ്ങൾ. നിലവിൽ 1.5 ലക്ഷം കോടി ഡോളർ മൂല്യമാണ് ഇന്ത്യൻ ഉപഭോക്തൃ വിപണിക്കുള്ളത്. 2030ഓടെ ഇത് ആറുലക്ഷം കോടി ഡോളറിലെത്തും. അതോടെ, അമേരിക്കയ്‌ക്കും ചൈനയ്‌ക്കും പിന്നിൽ മൂന്നാംസ്ഥാനവും ഇന്ത്യ സ്വന്തമാക്കും. 2017ൽ മൂല്യം 79,500 കോടി ഡോളറായിരുന്നു.
ശരാശരി 7.5 ശതമാനം മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ചയുമായി ലോകത്തെ ഏറ്റവും വലിയ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇപ്പോൾ ഇന്ത്യ. ജി.ഡി.പിയുടെ 60 ശതമാനവും സംഭാവന ചെയ്യുന്നത് സ്വകാര്യ ഉപഭോഗമാണ്. ഇന്ത്യയിലെ മദ്ധ്യവർഗ കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതി ഓരോവർഷവും മെച്ചപ്പെടുകയാണെന്നും 2030ഓടെ രണ്ടരക്കോടിയോളം കുടുംബങ്ങൾ നിർദ്ധനരുടെ ഗണത്തിൽ നിന്ന് ഒഴിവാകുമെന്നും ഇത് ഇന്ത്യൻ ഉപഭോക്തൃ വിപണിക്ക് കുതിപ്പാകുമെന്നും പഠന റിപ്പോർട്ടിലുണ്ട്. യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന കുതിപ്പും ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കും.
2030ഓടെ ഇന്ത്യയിലെ യുവാക്കളുടെ എണ്ണം 70 കോടിയാകുമെന്നാണ് വിലയിരുത്തൽ. മെട്രോ നഗരങ്ങളും വികസനത്തിലേക്ക് ചുവടുവയ്‌ക്കുന്ന അർദ്ധനഗരങ്ങളും ഉപഭോഗ വളർച്ചയ്ക്ക് നേതൃത്വം വഹിക്കും.
വളർച്ചാനിരക്ക് മികച്ച തോതിൽ നിലനിറുത്താൻ മൂന്ന് പ്രധാന വെല്ലുവിളികൾ ഇന്ത്യ തരണം ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടുത്ത ദശാബ്‌ദത്തിനകം 1.2 കോടിയോളം യുവാക്കൾ തൊഴിൽ മേഖലയിലേക്ക് ചുവടുവയ്‌ക്കും. ഇവർക്ക് വൈദഗ്ദ്ധ്യ പരിശീലനം നൽകേണ്ടത് വിപണിയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്.
2030ഓടെ ഇന്ത്യക്കാരിൽ 40 ശതമാനം പേരും നഗരവാസികളാകും. ഉപഭോഗത്തിന്റെ മുന്തിയപങ്കും ഇവരിലായിരിക്കും. ഇതിനൊപ്പം അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ കണക്‌ടിവിറ്റി, സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) എന്നിവ ശക്തമാക്കി ഗ്രാമീണ മേഖലയെയും വളർത്തണം. അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായ ലോകത്തിലെ പത്തുനഗരങ്ങളിൽ ഒമ്പതും ഇന്ത്യയിലാണ്. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തേണ്ടതും വിപണിയുടെ മുന്നേറ്റത്തിന് ആവശ്യമാണ്.
ഇ-വിപണി നാലിരട്ടി കുതിക്കും
ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണിയും വലിയ മുന്നേറ്റം രേഖപ്പെടുത്തും. 2017ൽ 2,400 കോടി ഡോളറായിരുന്ന ഇ-വിപണി മൂല്യം 2021ൽ 8,400 കോടി ഡോളറിലെത്തും. ഇന്റർനെറ്ര് വരിക്കാരുടെ എണ്ണം കൂടുന്നതാണ് ഇ-വിപണിക്ക് നേട്ടമാകുന്നത്.