file
കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ ചാറ്റുപാറ കുടിവെള്ള പദ്ധതി എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ചാറ്റുപാറ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായതോടെ പ്രദേശവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. കുടിവെള്ളക്ഷാമവും പഴങ്കഥയായി.

കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ചാറ്റുപാറ കുടിവെള്ളപദ്ധതി എൽദോ എബ്രഹാം എം.എൽ.എ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുജിത് ബേബി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി ജോളി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റെജി വിൻസന്റ്, പഞ്ചായത്ത് മെമ്പർമാരായ ഷൈനി സണ്ണി, സുഷമ പോൾ, ടോണി വിൻസന്റ്, സി.ഡി.എസ്.ചെയർപേഴ്‌സൺ പ്രജിത സുഭാഷ്, എം.പി.ലാൽ, ജോളി ജോർജ്, ടോമി മാത്യു ഓടയ്ക്കൽ, അനീഷ് മാത്യു ഓടയ്ക്കൽ, ജോഷി തൈയ്ക്കാട്ട്, ഷാജി മോൻ കിളിവള്ളിയ്ക്കൽ എന്നിവർ പങ്കെടുത്തു.

മുതൽമുടക്ക് 67ലക്ഷം

എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 27ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽ നിന്നനുവദിച്ച 40ലക്ഷം രൂപയും ഉൾപ്പെടെ 67ലക്ഷം രൂപ മുതൽ മുടക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. മണിയന്ത്രം പാടശേഖരത്തിന് സമീപത്തെ കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ചാറ്റുപാറയിൽ സ്ഥാപിച്ച ടാങ്കിലെത്തിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. മണിയന്ത്രടത്ത് കിണർ നിർമിക്കുന്നതിനായി എട്ട് സെന്റ് സ്ഥലവും, ചാറ്റുപാറയിൽ ടാങ്ക് സ്ഥാപിക്കുന്നതിന് 10 സെന്റ് സ്ഥലവും അടക്കം 18 സെന്റ് സ്ഥലം ഓടയ്ക്കൽ ടോമി മാത്യുവുംഅനീഷ് മാത്യുവും സൗജന്യമായി നൽകുകയായിരുന്നു. ചാറ്റുപാറയിൽ കുടിവെള്ളമെത്തിക്കുന്നതിനായി പല പദ്ധതികളും വിഭാവനം ചെയ്തുവെങ്കിലും സാങ്കേതിക കാരണങ്ങളിൽ തട്ടി മുടങ്ങുകയായിരുന്നു പതിവ്. വാർഡ് മെമ്പർ ഷൈനി സണ്ണിയുടെ ക്രിയാത്മകമായ ഇടപെടൽകൊണ്ടാണ് കുടിവെള്ള പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞത്.