കൊച്ചി : കോഴിക്കോട് ജില്ലയിലെ കിനാലൂർ എസ്റ്റേറ്റ് മുറിച്ചുവിറ്റ സംഭവം കേരള ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ കൊയിലാണ്ടി താലൂക്ക് ലാൻഡ് ബോർഡ് പുന:രാരംഭിക്കാൻ നിർദേശിച്ചു. പ്ളാന്റേഷൻ ഇതര ആവശ്യങ്ങൾക്കായി കിനാലൂർ എസ്റ്റേറ്റ് മുറിച്ചു വിൽക്കുന്നത് ഭൂപരിഷ്കരണ നിയമത്തിനു വിരുദ്ധമാണെന്നാരോപിച്ച് വൺ എർത്ത് വൺ ലൈഫ് സംഘടന നൽകിയ ഹർജിയടക്കം പരിഗണിച്ചാണ് ഡിവിഷൻബെഞ്ചിന്റെ വിധി.
കൊച്ചിൻ മലബാർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കൈവശമുള്ള റബർ എസ്റ്റേറ്റ് മുറിച്ചു വിൽക്കുന്നത് ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എസ്റ്റേറ്റ് മുറിച്ചുവിൽക്കുമ്പോൾ വിലയാധാരം രജിസ്റ്റർ ചെയ്യാൻ 2.40 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുചെയ്ത് സർക്കാർ 2015 നവംബർ 27ന് ഉത്തരവ് ഇറക്കിയിരുന്നു. ഇതു റദ്ദാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ നയതീരുമാനമായതിനാൽ റദ്ദാക്കുന്നില്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടുത്തുന്ന തരത്തിൽ വിഷയം ലാഘവത്തോടെയാണ് താലൂക്ക് ലാൻഡ് ബോർഡ് കൈകാര്യം ചെയ്തതെന്ന് കോടതി കുറ്റപ്പെടുത്തി.