munnar-special

കൊച്ചി: തേയിലക്കാടുകളിൽ വിയർപ്പൊഴുക്കി പണിയെടുക്കുമ്പോൾ രജന ഒരു കാര്യം മനസിൽ കുറിച്ചു. മക്കൾക്ക് ഈ ഗതി വരരുത്. അതിന് അർത്ഥമുണ്ടായി. മൂത്തമകൻ പ്രകാശൻ ഇപ്പോൾ കോയമ്പത്തൂർ സി.എം.എസ് കോളേജിൽ എം.ബി.ബി.എസിന് പഠിക്കുന്നു. ഇളയമകൻ പ്രസാദ് കോയമ്പത്തൂർ കരൂർ വി.എം.എസ് കോളേജിൽ ബി.ടെക് വിദ്യാർത്ഥി. കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്താണ് വിദ്യാഭ്യാസ ചെലവുകൾ നിറവേറ്റുന്നത്.

രജനയുടെയും ഒപ്പം തേയിലക്കൊളുന്ത് നുള്ളുന്ന സെൽവി, ഭാഗ്യലക്ഷ്‌മി എന്നിവരുടെയും ജീവിതം മൂന്നു തലമുറകളായി ഈ തേയിക്കാടുകളിലാണ്. പകലന്തിയോളം പണിയെടുത്താൽ 330 രൂപ കിട്ടും.

മൂന്നാർ - ദേവികുളം റോഡിൽ കണ്ണൻ ദേവൻ ഹിൽസ് പ്‌ളാന്റേഷനിലെ ചൊക്കനാട് ഡിവിഷനാണിത്. വൈകിട്ട് അഞ്ചു മണിയാകാൻ നിമിഷങ്ങൾ മാത്രം. നുള്ളിയെടുക്കുന്ന കൊളുന്ത് 27 കിലോ തികയ്ക്കാനുള്ള തിടുക്കത്തിലാണ് മൂവരും. എങ്കിലേ 330 രൂപ കിട്ടൂ. 27 കിലോയിൽ കൂടുതൽ നുള്ളുന്ന ഓരോ കിലോയ്‌ക്കും 1.40 രൂപ അധികം ലഭിക്കും. രാവിലെ എട്ടിന് ഇറങ്ങിയാൽ ഉച്ചയ്‌ക്ക് ഒരു മണിക്കൂർ വിശ്രമം. ദുരിതമയമാണല്ലോ ജീവിതമെന്ന ചോദ്യത്തിന് ഒരു ചെറുചിരി സമ്മാനിച്ച് ജോലിത്തിരക്കിലമർന്ന അവർ അഞ്ചു മണി പിന്നിട്ടതോടെ സംസാരിക്കാൻ താത്പര്യം കാട്ടി.

''എൻ മക്കളെ ഈ തേയിലക്കാടുകളിൽ വിടൂല്ല. അവർ കാളേജിൽ പഠിക്കയാ.'' രജന പറയുന്നതുകേട്ട് മറ്റ് രണ്ടു പേരും തലയാട്ടി.

സെൽവിയുടെ മക്കളായ സതീഷ് കുമാർ, ശിവരഞ്ജിനി, ഷീബ എന്നിവർ നാട്ടിൽ ജോലിക്കാരാണ്. ഭാഗ്യലക്ഷ്മിയുടെ മൂത്ത മകൻ ജയന്ത് ഡ്രൈവർ. മറ്റു മക്കളായ ശരത്കുമാറും, വിനീതും തമിഴ്നാട്ടിൽ ഡിഗ്രിക്ക് പഠിക്കുന്നു. ഭർത്താക്കന്മാരും എസ്‌റ്റേറ്റ് ജോലിക്കാരാണ്. വിരമിക്കുന്നതോടെ സ്വദേശമായ കോയമ്പത്തൂരിലേക്ക് മൂവരും മടങ്ങും. അവിടെ വീടുണ്ട്.

''മക്കളെ നന്നായി പഠിപ്പിക്കാൻ മാത്രമാണ് വെയിലും മഴയും കൊണ്ട് ഇവിടെ കഴിയുന്നത്. ഇനി ഒരു തലമുറയെ ഇവിടെ ഇറക്കില്ല''-രജന പറഞ്ഞു. ചിരി തൂകിനിന്ന അവരുടെ മനസിലെ ദുരിതപെയ്‌ത്ത് കണ്ണുകളിൽ നിഴലിച്ചിരുന്നു. ലയങ്ങളിൽ നിന്ന് കുടിയൊഴിയുന്നവരുടെ പിൻഗാമികൾ അവിടേക്കു പിന്നീട് എത്തുന്നില്ലെന്നാണ് മൂന്നാറിലെ ഓരോ തോട്ടങ്ങളിൽ നിന്നും വ്യക്തമാകുന്നത്.