കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന കഴിഞ്ഞ ദിവസത്തെ നിർദേശം പുന: പരിശോധിക്കാൻ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിയുടെ അഭിഭാഷകൻ സമീപിച്ചപ്പോഴാണ് സിംഗിൾബെഞ്ച് ഇക്കാര്യം വാക്കാൽ ചോദിച്ചത്. 2017 ഫെബ്രുവരി 18 നാണ് അറസ്റ്റിലായതെന്നും ഇപ്പോഴും ജയിലിൽ തുടരുകയാണെന്നും ചൂണ്ടിക്കാട്ടി മാർട്ടിൻ ആന്റണി നൽകിയ ജാമ്യഹർജി തള്ളിയാണ് വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാൻ സിംഗിൾബെഞ്ച് നിർദേശം നൽകിയത്. രണ്ട് വർഷമായി ജയിലിലാണെന്ന മാർട്ടിന്റെ വാദം പരിഗണിച്ചാണ് വേഗം വിചാരണ നടത്താൻ പറഞ്ഞതെന്നും ഇപ്പോൾ പ്രതിഭാഗം ഇങ്ങനെ വാദിക്കാൻ കാരണമെന്തെന്നും ഹൈക്കോടതി ചോദിച്ചു. വിചാരണ വൈകിപ്പിക്കുകയെന്നതാണ് പ്രതികളുടെ ലക്ഷ്യമെന്നും ഇതു സ്ഥിരം നടപടിയാണെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് പ്രതിയുടെ പൂച്ചുപുറത്തായെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. മാർട്ടിന്റെ ആവശ്യവും കോടതി നിരസിച്ചു.