നാളികേര വികസന ബോർഡിന് പുതിയ സാരഥി
കൊച്ചി: നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജുനാരായണ സ്വാമിയെ മാറ്റി. പകരം വി.ഉഷാറാണി ചുമതലയേറ്റു.
കേരള കേഡറിലേയ്ക്കാണ് സ്വാമിയുടെ മടക്കം. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചർ എക്സ്റ്റൻഷൻ മാനേജ്മെന്റിന്റെ ഡയറക്ടർ ജനറലാണ് താൽക്കാലിക ചുമതലയേറ്റ ഉഷാറാണി.
കേന്ദ്രകൃഷിമന്ത്രാലത്തിന്റെ ഉത്തരവ് ഇന്നലെയാണ് ഇറങ്ങിയത്. ഇന്നലെ തന്നെ പകരം ആൾ ചുമതലയേൽക്കുകയും ചെയ്തു. നാളികേര വികസന ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രാലയത്തിലെ മേലുദ്യോഗസ്ഥരുമായും രാജുനാരായണ സ്വാമി കടുത്ത ഭിന്നതയിലായിരുന്നു.
അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ തന്നെ പുറത്താക്കാൻ ചിലർ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇദ്ദേഹം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജിയും നൽകിയിരുന്നു.
ഒരു വർഷത്തേക്കാണ് കഴിഞ്ഞ ആഗസ്റ്റിൽ സ്വാമിയെ നാളികേര വികസന ബോർഡ് ചെയർമാനായി നിയമിച്ചത്.