കൊച്ചി: കേരള ബാർ കൗൺസിലിന‌് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റിൽ നിന്ന് ഏഴ‌് കോടിയിലധികം രൂപയുടെ വെട്ടിപ്പ‌് നടത്തിയ കേസിൽ മലയാളിയും തമിഴ‌്നാട‌് മധുര പൊൻവിഴ നഗർ ഈസ‌്റ്റ‌് സ‌്ട്രീറ്റ‌് 156ൽ താമസക്കാരനുമായ ബാബു സ‌്കറിയയെ (47) വിജിലൻസ‌് അറസ‌്റ്റ‌് ചെയ‌്തു. നേരത്തെ പിടിയിലായഒന്നാം പ്രതി ട്രസ‌്റ്റ‌് മുൻ അക്കൗണ്ടന്റ‌് തിരുവാങ്കുളം വയലിൽ റോഡ് മഞ്ചക്കാട്ടിൽ എം.കെ.ചന്ദ്രന്റെ വ്യാപാര പങ്കാളിയാണ‌് ബാബു സ‌്കറിയ.
ട്രസ‌്റ്റിൽ നിന്നു വകമാറ്റിയ തുക തമിഴ‌്നാട്ടിലെ വിവിധ വ്യക്തികൾക്ക‌് കൈമാറിയിരുന്നത‌് ബാബു വഴിയാണെന്നാണ് വിജിലൻസ‌് കണ്ടെത്തൽ. തമിഴ‌്നാട്ടിൽ അഞ്ച‌് കോടി രൂപ ചെലവിൽ സിദ്ധവൈദ്യ ആശുപത്രി തുടങ്ങാൻ ചന്ദ്രൻ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ആദ്യപടിയായി മൂന്ന‌് കോടി രൂപ ബാബുവിന‌് നൽകി. ഈ തുക ചെന്നൈയിലെ മറ്റൊരു പ്രൊമോട്ടർക്ക‌് കൈമാറിയെന്നാണ‌് ബാബു വിജിലൻസിന‌് നൽകിയ മൊഴി. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ബാബുവിനെ കസ‌്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും വിജിലൻസ‌് സി.ഐ എം.സുരേന്ദ്രൻ പറഞ്ഞു.
ബാബുവിന്റെ മധുരയിലെ താമസസ്ഥലത്തും ബന്ധുവീടുകളിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും സ്ഥിരമായി ഒരിടത്തും തങ്ങാത്തതും ബാബുവിനെ പിടികൂടുന്നതിന‌് തടസമായിരുന്നു. തുടർന്ന‌് ബന്ധു വഴി ഇന്നലെ ബാബുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച‌് അറസ‌്റ്റ‌് ചെയ്യുകയായിരുന്നു. മുപ്പത‌് വർഷമായി മധുരയിലും മറ്റിടങ്ങളിലുമാണ‌് ബാബു താമസിക്കുന്നത‌്. കോടതിയിയിൽ ഹാജരാക്കി. ചന്ദ്രൻ റിമാൻഡിലാണ‌്. 2007 മുതൽ നടത്തിയ തട്ടിപ്പിൽ എഴു കോടിയോളം രൂപയാണ് ചന്ദ്രൻ വെട്ടിച്ചതായി കണ്ടെത്തിയത‌്.