കൊച്ചി : വനഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ സർക്കാരിന് നിയമാനുസൃതം ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.1977 നുശേഷമുള്ള വനം കൈയേറ്റം പൂർണമായും ഒഴിപ്പിക്കണമെന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി നടപ്പാക്കാൻ വ്യക്തത തേടി സർക്കാർ നൽകിയ ഉപഹർജി തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ച് വിശദീകരണം.
1977 ജനുവരി ഒന്നിനു ശേഷമുള്ള സംസ്ഥാനത്തെ മുഴുവൻ വനം കൈയേറ്റവും (7000 ഹെക്ടർ) ഒരു വർഷത്തിനകം ഒഴിപ്പിക്കാൻ 2015 സെപ്തംബർ നാലിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. 1957 കേരള ഭൂ സംരക്ഷണ നിയമം, 1961 കേരള വന നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാനാവുമെന്നും വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയുൾപ്പെടെ നൽകിയ ഹർജിയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിൽ വ്യക്തത തേടിയാണ് സർക്കാർ ഉപഹർജി നൽകിയത്. കൈയേറ്റം ഒഴിപ്പിക്കുകയെന്നതാണ് 2015 ലെ ഹൈക്കോടതി വിധിന്യായത്തിന്റെ ലക്ഷ്യം. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ട സാഹചര്യമില്ലെങ്കിലും അനാവശ്യ വ്യാഖ്യാനം ഒഴിവാക്കാനാണ് ഇതു പറയുന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.