കൊച്ചി: ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുത്ത നടപടി ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതകത്തിലെ പ്രതിഷേധങ്ങളെ അമർച്ച ചെയ്യാനുള്ള സി.പി.എം ഗൂഢാലോചനയുടെ ഭാഗമാണീ കേസുകളെന്നും ഡീൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിട്ടില്ല. സി.പി.എം പ്രവർത്തകന്റെ പരാതിയെ തുടർന്ന് നേതാക്കൾക്കെതിരേ കേസെടുക്കാമെന്ന് അഡിഷണൽ അഡ്വ.ജനറൽ ഡി.ജി.പിക്ക് നിയമോപദേശം നൽകുകയായിരുന്നു. തുടർന്ന് കേസെടുക്കാൻ ഡി.ജി.പി സർക്കുലർ ഇറക്കി. തനിക്കെതിരെ ചില പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഹർത്താലിനെതിരെ കേരളത്തിലാകമാനം 189 കേസുകളുണ്ട്.
കേരളത്തിലെ മുഴുവൻ പ്രവർത്തകർക്കെതിരെയും കേസുകൾ ചുമത്തിയാലും പെരിയ കൊലപാതകത്തിനെതിരെയുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ തരത്തിലുള്ള കേസുകൾ ബി.ജെ.പി ഹർത്താലുകൾക്കെതിരെയും എടുത്തിട്ടുണ്ട്. ബി.ജെ.പി ഹർത്താൽ നടന്നത് കോടതി വിധിക്ക് മുമ്പായിരുന്നു. അങ്ങനെയെങ്കിൽ മുൻപ് നടന്ന സി.പി.എം ഹർത്താലുകൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്ക് നടൻ കൊല്ലം തുളസിക്കെതിരെ കേസെടുത്തവർ കൊലവിളിപ്രസംഗം നടത്തിയ സി.പി.എം നേതാവ് വി.പി.പി മുസ്തഫയെ കണ്ടില്ലെന്ന് നടിക്കുന്നതായും ഡീൻ പറഞ്ഞു.