ആലുവ: ചാതുർവർണ്യം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നവർ ഇന്നും അധികാര കേന്ദ്രങ്ങളിലുണ്ടെന്ന് സാഹിത്യകാരൻ പ്രൊഫ. എം.കെ. സാനു പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ദ്വിദിന സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക നവോത്ഥാനമെന്നാൽ സ്വാതന്ത്ര്യമാണ്. ഏഴ് പതിറ്റാണ്ടോളമായി താൻ ഉൾപ്പെടെയുള്ളവർ മതേതരത്വത്തിനും ദേശീയോത്ഗ്രന്ഥനത്തിനുമായി പ്രവർത്തിച്ചെങ്കിലും ഇന്നും യാഥാർത്ഥ്യമായിട്ടില്ല. സാംസ്കാരിക പ്രവർത്തനം രാഷ്ട്രീയപ്രവർത്തനത്തിൽ കേന്ദ്രീകരിച്ചാണ്. രാഷ്ട്രീയത്തിൽ ധർമ്മത്തിന്റെ അംശമുണ്ട്. ലെനിൻഭരണം ഏറ്റെടുത്തപ്പോൾ സാംസ്കാരിക പ്രവർത്തനത്തിനും കലക്കും പ്രാധാന്യം നൽകി. അല്ലാതെയുള്ള ഒന്നും സമൂഹത്തിൽ നിലനിൽക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ സേതു, ജോൺ ഫെർണാണ്ടസ് എം.എൽ.എ, ധർമ്മരാജ് അട്ടാട്ട്, പ്രൊഫ. ഗ്രേസി ശശികുമാർ, ചവറ കെ.എസ്. പിള്ള, സിന്ധു ദിവാകരൻ, ആർ. ഉണ്ണികൃഷ്ണപിള്ള, സത്യപാൽ, പി.ആർ. രഘു, എം.ആർ. സുരേന്ദ്രൻ, കെ.വി. ഷാജി എന്നിവർ സംസാരിച്ചു.
മീഡിയ അക്കാദമിയുടെ പ്രളയകാഴ്ച്ചകൾ സാഹിത്യകാരൻ സേതുവും മലയാള സാഹിത്യ ചരിത്രം സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ടും ഉദ്ഘാടനം ചെയ്തു.
ഇന്ന് പുലർച്ചെ അഞ്ചിന് ആലുവ ശിവരാത്രി മണപ്പുറത്ത് നിന്ന് അദ്വൈതാശ്രമത്തിലേക്ക് ക്യാമ്പംഗങ്ങളുടെ അക്ഷരക്കാവടിയാത്ര നടക്കും. തുടർന്ന് കവി എൻ.കെ. ദേശത്തിനെ ആദരിക്കും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സംസാരിക്കും. രാവിലെ 9.30ന് ശാന്തിഗിരി ആശ്രമത്തിൽ മാതൃഭാഷയും ജനാധിപത്യവും, മലയാള സാഹിത്യത്തിലെ സ്ത്രീ ജീവിതം, സാംസ്‌കാരിക വഴികൾ എന്നീ വിഷയങ്ങളിൽ പ്രഭാഷണം ഉണ്ടാകും. 3.30 ന് സമാപനം.
യുവപ്രാതിനിധ്യം കുറയുന്നു
ആലുവ: കേരളം സാംസ്കാരിക മേഖലയിൽ ഏറെ മുന്നോട്ട് പോയെങ്കിലും പ്രവർത്തകരിൽ യുവജന പങ്കാളിത്തം കുറയുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
14 ജില്ലകളിൽ നിന്നായി 400ഓളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ടെങ്കിലും 40ൽ താഴെ പ്രായമുള്ള യുവജന പ്രതിനിധ്യം വിരലിലെണ്ണാവുന്നതവർ മാത്രമാണ്. അതും യുവതികൾ മാത്രം. പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും 55 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നതാണ് കൗതുകകരം.