കൊച്ചി: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി രാജൻ ഉദ്ഘാടനം ചെയ്തു. ടെലിവിഷൻ മേഖലയിലെ പുതിയ പരിഷ്കാരങ്ങളും ഗവൺമെന്റ് നയങ്ങളും ഉപഭോക്താക്കൾക്കും കേബിൾ ടി.വി ഓപ്പറേറ്റർമാർക്കും അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുത്തകകളെ സഹായിക്കുന്നതിനായി ചെറുകിട കേബിൾ ടി.വി മേഖല തകർക്കുന്ന നീക്കങ്ങളിൽ നിന്ന് സർക്കാരുകൾ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്കായി സി.ഒ.എ നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കേരള വിഷൻ ചാനൽ എം.ഡി രാജ്മോഹൻ നിർവഹിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയംഗം ബിനു ശിവദാസ് അവതരിപ്പിച്ചു. കെ.സി.സി.എൽ എം.ഡി പി.പി സുരേഷ് കു മാർ, സംസ്ഥാന കമ്മിറ്റിയംഗം സി.ആർ സുധീർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിജു ജോസഫ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സജി പോൾ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ലോക്കൽ കേബിൾ ടി.വി ഓപ്പറേറ്റർമാർക്ക് പേ ചാനൽ കമ്പനികൾ നൽകുന്ന കമ്മീഷൻ വർദ്ധിപ്പിക്കണമെന്നും ഇലക്ട്രിക് പോസ്റ്റുകളുടെ വാടക കുറവ് ചെയ്ത് നൽകണമെന്നും വാർഷിക വർദ്ധനവ് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.എൻ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.എസ് രാജു സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.എ ജെയിംസ് നന്ദിയും പറഞ്ഞു.