travancore-dewaswam-board

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ പി.എഫ് നിക്ഷേപത്തിൽ നിന്ന് 150 കോടി രൂപ ധനലക്ഷ്‌മി ബാങ്കിന്റെ കടപ്പത്രത്തിൽ നിക്ഷേപിച്ചതിനെതിരെ ലോക്കൽ ഫണ്ട് ആഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പി.എഫ് നിക്ഷേപം തിരക്കിട്ട് പിൻവലിച്ച് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടിൽ നിക്ഷേപിച്ചത് ബോർഡിന്റെ സാമ്പത്തിക സുരക്ഷിതത്വം തകർക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2018 ഒക്ടോബർ 30 ന് ദേവസ്വം ബെഞ്ചിന് ‌നൽകിയ റിപ്പോർട്ട്‌ കഴിഞ്ഞ ദിവസമാണ് പുറത്തായത്. ദേവസ്വം ഫണ്ടുകൾ എങ്ങനെ നിക്ഷേപിക്കണമെന്നതടക്കം നിർദ്ദേശിക്കാൻ നിക്ഷേപ വിഭാഗത്തിന് രൂപം നൽകണമെന്നും ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങാൻ നിർദ്ദേശിക്കണമെന്നും ഇതിൽ ശുപാർശയുണ്ട്.

ബോണ്ടുകൾ വാങ്ങാൻ തിരക്കുകൂട്ടി

ബോണ്ടിലൂടെ 150 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചതായി ധനലക്ഷ്മി ബാങ്ക് 2018 മാർച്ച് 22 ന് ദേവസ്വം ബോർഡിനെ അറിയിച്ചു. കത്ത് കിട്ടിയ ദിവസം തന്നെ ബോർഡ് യോഗം ചേർന്ന് ബോണ്ടുകൾ വാങ്ങാൻ തീരുമാനിച്ചു. ബാങ്കിന്റെ അറിയിപ്പും അക്കൗണ്ട് ഒാഫീസറുടെ റിപ്പോർട്ടും ബോർഡിന്റെ അംഗീകാരവും ഒരേ ദിവസം ഉണ്ടായി. ഇത്രയും വലിയ തുക നിക്ഷേപിക്കുമ്പോഴുള്ള നഷ്ടസാദ്ധ്യത പരിശോധിക്കാനോ മതിയായ പഠനം നടത്താനോ ശ്രമിക്കാതെ തിരക്കിട്ടാണ് നടപടി സ്വീകരിച്ചത്.

പ്രാഥമിക നഷ്ടം 1.74 കോടി

58 സ്ഥിര നിക്ഷേപങ്ങൾ പൊളിച്ചാണ് 10 ലക്ഷം രൂപ മുഖവിലയുള്ള 1500 ബോണ്ടുകൾക്കായി 150,44,93,439. 24 നൽകിയത്. നിക്ഷേപം കാലാവധിക്കു മുമ്പ് പിൻവലിച്ചതിലൂടെ 1.74 കോടി രൂപയുടെ നഷ്ടമുണ്ടായി.

11 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന ബോണ്ടിൽ നിക്ഷേപിച്ചതിനാൽ മറ്റ് നഷ്ടമുണ്ടായെന്ന് പറയുന്നില്ല. എന്നാൽ നഷ്ട സാദ്ധ്യതകളുണ്ട്. 2018 ജൂണിൽ അവസാനിച്ച ആദ്യ ക്വാർട്ടറിലെ കണക്കനുസരിച്ച് ധനലക്ഷ്മി ബാങ്കിന് 45 കോടി രൂപയുടെ നഷ്ടമുണ്ട്. കണക്കുകളും വസ്തുതകളും ബാങ്കിനെക്കുറിച്ച് അത്ര നല്ല ചിത്രമല്ല നൽകുന്നത്.

പി.എഫ് പലിശ നിരക്ക് 7.6 ശതമാനമാണെന്നിരിക്കെ 6.65 ശതമാനം മാത്രം പലിശ നിരക്കുള്ള ബാങ്കിന്റെ സ്ഥിര നിക്ഷേപം ദേവസ്വം ബോർഡിന്റെ ഖജനാവ് ചോർത്തുകയാണ്. എട്ട് ശതമാനം പലിശ നിരക്കുള്ള ട്രഷറി നിക്ഷേപമടക്കമുള്ള ബദൽ നിക്ഷേപ സാദ്ധ്യതകൾ ദേവസ്വം ബോർഡ് തേടിയില്ല.

2018 മാർച്ചിലെ കണക്കനുസരിച്ച് ബോർഡ് ജീവനക്കാരുടെ പി.എഫ് 187.93 കോടി രൂപയാണ്. ഇതിന്റെ 80 ശതമാനത്തോളം തുകയാണ് സുരക്ഷിതമല്ലാത്ത കടപ്പത്രത്തിൽ നിക്ഷേപിച്ചത്. പൊതുപണം കൈകാര്യം ചെയ്യുമ്പോൾ കാട്ടേണ്ട ജാഗ്രത കാട്ടിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.