pampakuda-anganvadi
സംസ്ഥാനത്തെ മികച്ച അംഗൻവാടിക്കുള്ള പുരസ്കാരം പാമ്പാക്കുട ടൗൺ അംഗൻവാടി അദ്ധ്യാപിക കെ.എം. മിനിമോൾ, ആയ സരോജാദേവി എന്നിവർക്ക് മന്ത്രി കെ. കെ. ശൈലജ സമ്മാനിക്കുന്നു

തേടിയെത്തിയത് സംസ്ഥാന അവാർഡ്

പിറവം: സംസ്ഥാനത്തെ മികച്ച അംഗൻവാടിക്കുള്ള പുരസ്കാരം പാമ്പാക്കുട ഐ.സി.ഡി.എസിന് കീഴിലെ പാമ്പാക്കുട പഞ്ചായത്ത് നൂറ്റിനാലാം നമ്പർ അംഗൻവാടിക്ക് ലഭിച്ചു. ലോകവനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി കെ. ശൈലജ പുരസ്കാരം സമ്മാനിച്ചു. അംഗൻവാടി അദ്ധ്യാപിക കെ.എം. മിനിമോൾ, ആയ സരോജാദേവി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. എഴുപത്തഞ്ചോളം കുരുന്നുകൾ ഇവിടെയുണ്ട്.

സംയോജിത ശിശുവികസന പദ്ധതികളുടെ മികച്ച നടത്തിപ്പും നൂതന സംവിധാനങ്ങളുടെ ഉപയോഗവും കാര്യക്ഷമമായ പ്രവർത്തനവും ടൗൺ അംഗൻവാടിയെ സംസ്ഥാനതലത്തിൽ ശ്രദ്ധേയമാക്കി. കുട്ടികളുടെ ഉച്ച ഭക്ഷണത്തിനും മറ്റുമായി കുട്ടികൾ തന്നെ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറി തോട്ടവും ഏറെ ശ്രദ്ധേയമാണ്. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ നടപ്പിലാക്കിയ ഹരിതാങ്കണം 2018 പദ്ധതിയിലൂടെയാണ് പച്ചക്കറിത്തോട്ടം യാഥാർത്ഥ്യമായത്.

ഹൈടെക് അംഗണവാടി

ബ്ലോക്ക് പഞ്ചായത്ത്‌ രണ്ട് ലക്ഷം രൂപ ചെലവിൽ അംഗൻവാടിയെ ഹൈടെക് നിലവാരത്തിൽ ഉയർത്തിയിരുന്നു. അംഗൻവാടി കെട്ടിടത്തിന്റെ രൂപകല്പന തന്നെ ശിശു, വയോജന, ഭിന്നശേഷി സൗഹൃദമാണ്. എല്ലാ അംഗൻവാടികളും പരിപാലിക്കേണ്ട 13 വ്യത്യസ്ത രജിസ്റ്ററുകൾ കൃത്യവും മികവുറ്റ രീതിയിലുമാണ് പരിപാലിക്കുന്നത്. കൗമാരക്കാർക്കുള്ള പ്രത്യേക കൗൺസലിംഗ്, മുലയൂട്ടുന്ന സ്ത്രീകൾക്കും ഗർഭിണികൾക്കുമുള്ള പ്രതിമാസ ക്ലാസുകൾ, ജനപങ്കാളിത്തത്തോടെ നടത്തുന്ന നിരീക്ഷണ സംവിധാനത്തിന്റെ മികച്ച പ്രവർത്തനം എന്നിവയും പാമ്പാക്കുട അംഗൻവാടിയെ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സഹായിച്ചു. ഇവിടുത്തെ ശൗചാലയം ശിശു സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായാണ് രൂപകല്പനചെയ്തിരിക്കുന്നത്. പഠനവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനവും ഇവിടെ നൽകിവരുന്നു. വൃത്തിയും വെടിപ്പും ഭക്ഷണ സാമഗ്രികളുടെയും മികച്ച നിലവാരത്തിലുള്ള കൈകാര്യവുമെല്ലാം അവാർഡ് നിർണയ കമ്മിറ്റി പരിഗണിച്ചിരുന്നു.