മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ലക്ഷം വീട് കോളനിയിലേയ്ക്കുള്ള കുന്നുംപുറം കോളനിപ്പടി റോഡിന്റെ നവീകരണത്തിന് തുടക്കമായി. റോഡിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.സി. ഏലിയാസ്, വാർഡ് മെമ്പർ ജാൻസി റോയി, പോൾ പൂമറ്റം, പി.കെ. ജയൻ, പ്രകാശ് ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു. മൂവാറ്റുപുഴ പിറവം റോഡിലെ കോളനിപ്പടിയിൽ നിന്നാരംഭിച്ച് കുന്നുംപുറം ലക്ഷംവീട് കോളനിയിൽ അവസാനിക്കുന്ന റോഡ് തകർന്ന് വർഷങ്ങളായി കാൽനടയാത്ര പോലും ദുസഹമായിരുന്നു. ഇതേ തുടർന്നാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും എൽദോ എബ്രഹാം 17ലക്ഷം രൂപ അനുവദിച്ചത്.