ആലുവ: ശിവരാത്രിക്ക് ശേഷമുള്ള ആദ്യ ഞായറാഴ്ചയിൽ മണപ്പുറത്തേയ്ക്ക് ജനപ്രവാഹം. നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന വ്യാപാര മേളയിൽ പങ്കെടുക്കുന്നതിനും സായാഹ്നം ചെലവഴിക്കുന്നതിനുമാണ് ആയിരങ്ങൾ മണപ്പുറത്തെത്തിയത്. ഇന്നലെ വൈകിട്ട് തുടങ്ങിയ തിരക്ക് രാത്രി വൈകിയാണ് അവസാനിച്ചത്. മണപ്പുറം നടപ്പാലത്തിലേയ്ക്കുള്ള കൊട്ടാരക്കടവ് റോഡ് സഞ്ചാരികളാൽ നിറഞ്ഞു. തോട്ടയ്ക്കാട്ടുകരയിൽ നിന്നുള്ള മണപ്പുറം റോഡിലും ആളുകളും വാഹനവും തിങ്ങിനിറഞ്ഞു. ശിവരാത്രി സമയത്ത് നടപ്പാലത്തിലുണ്ടാകുന്ന തിരക്കിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ആളുകൾ ഒഴുകിയെത്തിയത്.
തിരക്ക് കൂടിയതോടെ ആലുവയിലെ പ്രധാന റോഡുകളെല്ലാം വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. ആലുവ ബ്രിഡ്ജ് റോഡിലെ തിരക്ക് പമ്പ് കവല വരെ നീണ്ടു. ആലുവ പെരുമ്പാവൂർ റൂട്ടിലേയ്ക്കും വാഹനങ്ങൾ നിരങ്ങിയാണ് പോയത്. പാർക്ക് ചെയ്ത കാറും ബൈക്കും കൊണ്ട് റോഡരികെല്ലാം നിറഞ്ഞു. തിരക്കും വാഹന ഗതാഗതവും നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാർ ഉണ്ടായിരുന്നില്ലെന്ന ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം മഴ പെയ്തതിനാൽ പൊടിശല്യത്തിന് കുറവുണ്ടായിരുന്നു.