മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജ്മെന്റ് നിർമ്മിച്ച ഹ്രസ്വചിത്രം നീലക്കുറിഞ്ഞിയുടെ പ്രദർശനോദ്ഘാടനം സ്‌കൂൾ ഓഡിറ്റോറിയത്തിൽ കഥാകൃത്തും സാഹിത്യ അക്കാഡമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണൻ നിർവഹിച്ചു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് എബനേസർ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ബേസിൽ എൽദോസാണ്. സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും അഭിനേതാക്കളായി . നവമാദ്ധ്യങ്ങളോടും ദൃശ്യഭാഷയോടും വിദ്യാർത്ഥി പ്രതിഭകൾ സർഗാത്മകമായി പ്രതികരിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ ഹ്രസ്വചിത്രമെന്ന് പായിപ്ര രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. സ്‌കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അനിത കെ. നായർ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജിസി മാത്യു, എം.പി.ടി.എ. പ്രസിഡന്റ് ജോളി റെജി, എസ്.പി.സി. പി.ടി.എ. പ്രസിഡന്റ് മാത്യു വി. ഡാനിയേൽ എന്നിവർ സംസാരിച്ചു. പുതിയ കാലത്ത് വിദ്യാർത്ഥികൾ വന്ന് പതിക്കുന്ന ചതിക്കുഴികളെയാണ് ചിത്രം പ്രതിപാദിക്കുന്നതെന്ന് സംവിധായകൻ ബേസിൽ എൽദോസ് പറഞ്ഞു. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച മുഴുവൻആളുകളെയും ആദരിച്ചു. ചിത്രത്തിന്റെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ യൂട്യൂബ് റിലീസിംഗിന് ഒരുങ്ങുകയാണെന്ന് സ്‌കൂൾ മാനേജർ കമാൻഡർ സി.കെ.ഷാജി പറഞ്ഞു.