high-court

. പരിസ്ഥിതി സൗഹൃദ ബോർഡ് ഉപയോഗിക്കാം

കൊച്ചി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ളക്‌സ് ബോർഡ് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്ന പി.വി.സി ഫ്ളക്‌സുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങൽ സ്വദേശി ബി.എസ്. ശ്യാംകുമാർ നൽകിയ പൊതു താത്പര്യഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ടുള്ള ബോർഡ് മാത്രമേ ഉപയോഗിക്കാവൂ .അജൈവ ഉത്പന്നങ്ങൾ ബോർഡിന് ഉപയോഗിക്കരുത്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശുപാർശയനുസരിച്ച് ഫ്ളക്സ് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശം നിലവിലുണ്ട്. ഫെബ്രുവരി 26 ന് രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കി കത്ത് നൽകിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഫ്ളക്സ് ബോർഡുകൾ തടഞ്ഞത്.

ഫ്ളക്സ് നശിപ്പിക്കാൻ തീയിട്ടാൽ കാൻസർ രോഗബാധയ്ക്കുവരെ കാരണമാകുന്ന വാതകങ്ങൾ പുറന്തള്ളും. കുഴിച്ചിട്ടാൽ വിഷം ജലസ്രോതസുകളിലേക്ക് അരിച്ചിറങ്ങും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.