high-court

കൊച്ചി : സർവകലാശാലകളിൽ രജിസ്ട്രാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ കാലാവധി നാലു വർഷമായി വെട്ടിക്കുറച്ചു കൊണ്ടുള്ള സർക്കാർ ഒാർഡിനൻസ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. എന്നാൽ ഒാർഡിനൻസ് നടപ്പാക്കുന്നത് ഇതിനെതിരെയുള്ള ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രജിസ്ട്രാർ, ഫിനാൻസ് ഒാഫീസർ, പരീക്ഷാ കൺട്രോളർ എന്നീ തസ്തികകളിൽ നാലു വർഷം പൂർത്തിയാക്കുകയോ ഇവർക്ക് 56 വയസ് പൂർത്തിയാവുകയോ ചെയ്താൽ സ്ഥാനം ഒഴിയണമെന്നാണ് മാർച്ച് ആറിന് സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസിൽ പറയുന്നത്. കുസാറ്റ് രജിസ്ട്രാർ ഡോ. ഡേവിഡ് പീറ്റർ ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. കലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. വി.വി. ജോർജ്കുട്ടി ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇൗ ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. ആറ് സർവകലാശാലകളെ ഒഴിവാക്കി മറ്റുള്ളവയ്ക്ക് മാത്രമായി ഒാർഡിനൻസ് കൊണ്ടുവന്നത് ദുരുദ്ദേശ്യപരമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. മൂന്നു പദവികളിലെയും പെൻഷൻ പ്രായം നിലവിൽ 60 വയസാണ്. പുതിയ ഒാർഡിനൻസ് വന്നതോടെ പെൻഷൻ പ്രായം 56 ആയി മാറുമെന്ന് ഹർജിയിൽ പറയുന്നു. ചട്ടമനുസരിച്ച് പദവിയിൽ 60 വയസു വരെ തുടരാമെന്നിരിക്കെ പൊതുതാത്പര്യമില്ലാതെയാണ് ഒാർഡിനൻസ് കൊണ്ടുവന്നതെന്നും കേന്ദ്ര സർവകലാശാലകളിലും കല്പിത സർവകലാശാലകളിലും ഇൗ തസ്തികകളിലെ പെൻഷൻ പ്രായം 62 ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തിരക്കിട്ട് ഒാർഡിനൻസ് കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ല. നിയമവിരുദ്ധമായി കൊണ്ടുവന്ന ഒാർഡിനൻസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.