കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ മൂന്നാം പ്രതി തമ്മനം സ്വദേശി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തുമ്പോൾ വാഹനമോടിച്ചിരുന്നത് മണികണ്ഠനായിരുന്നു. ഏറെക്കാലമായി താൻ കസ്റ്റഡിയിൽ കഴിയുകയാണെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ ജാമ്യം നൽകണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാൻ മറ്റൊരു പ്രതിയുടെ ജാമ്യ ഹർജിയിൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജി തള്ളിയത്. കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.