കൊച്ചി : തിരുവനന്തപുരം എയർപോർട്ടിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെ ചോദ്യം ചെയ്ത് മുൻ മന്ത്രി എം. വിജയകുമാർ നൽകിയ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സ്വകാര്യ ഗ്രൂപ്പിന് കരാർ നൽകിയത് നിയമവിരുദ്ധമാണെന്നാരോപിച്ച് വിജയകുമാർ നൽകിയ പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. എയർപോർട്ടിന്റെ നടത്തിപ്പ് കൈമാറിയ കരാറിനെതിരെ കെ.എസ്.ഐ.ഡി.സിയും സർക്കാരും നൽകിയ ഹർജികൾ ഹൈക്കോടതി സിംഗിൾബെഞ്ച് പരിഗണിച്ചിരുന്നു. വിജയകുമാറിന്റെ ഹർജി ഡിവിഷൻ ബെഞ്ചിലെത്തിയതോടെ ഇൗ ഹർജികളും ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റും. ഹർജികൾ 28ന് ഹൈക്കോടതി പരിഗണിക്കും.