innacent
എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രോത്സവത്തിനെത്തിയ ഇന്നസെന്റ് എം.പിക്ക് എസ്.എൻ.ഡി.പി യോഗം ശാഖ സെക്രട്ടറി സി.ഡി. സലീലൻ വഴിപാട് കിറ്റ് നൽകുന്നു

ആലുവ: ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉത്സവപ്പറമ്പുകളും തെരഞ്ഞെടുപ്പ് വേദിയാക്കി മുന്നണികൾ. എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ പതിവിൽ കൂടുതൽ മുന്നണി നേതാക്കളുടെ തിരക്കായിരുന്നു.

ഇടത്, വലത്, ബി.ജെ.പി നേതാക്കളെല്ലാം ഇന്നലെ ഉത്സവത്തിൽ പങ്കാളികളാകാനെത്തി. നേതാക്കൾക്ക് പുറമെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റും നേരിട്ടെത്തി. ഉച്ചയ്ക്ക് പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളാണ് ആദ്യമെത്തിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജി. സുനിൽകുമാർ, ബ്ളോക്ക് സെക്രട്ടറി പി.എ. മുജീബ്, സി.എസ്. അജിതൻ, വിനോജ് ഞാറ്റുവീട്ടിൽ എന്നിവരും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.

വൈകിട്ട് പകൽപ്പൂരം ക്ഷേത്രത്തിലെത്തിയപ്പോൾ ഇന്നസെന്റ് എം.പി നേരിട്ടെത്തി ഉത്സവത്തിൽ പങ്കാളികളായി. ജി.സി.ഡി.എ ചെയർമാൻ വി. സലീം, സി.പി.എം മണ്ഡലം കമ്മിറ്റി അംഗങ്ങളായ സലീംകുമാർ, കെ.എ. ബഷീർ, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ, അഭിലാഷ് അശോകൻ, കാജ മൂസ എന്നിവരും ഇന്നസെന്റിനൊപ്പമുണ്ടായി. എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ ക്ഷേത്രത്തിലെത്തയതറിഞ്ഞ് ബി.ജെ.പി ജില്ലാ സെക്രട്ടറിഎം.എൻ. ഗോപി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ. സെന്തിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ എൻ.ഡി.എ സംഘവും രാത്രി ക്ഷേത്രത്തിലെത്തി.