-election-commission

കൊച്ചി : ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നത് ചട്ടലംഘനം ആകുമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണയുടെ പ്രസ്താവന നിയമപരമായി ശരിയല്ലെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തിലെ ഏതു പ്രശ്നമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് എന്നത് നോക്കിയാണ് ചട്ടലംഘനം വിലയിരുത്തേണ്ടതെന്നും നിയമവിദഗ്ദ്ധർ വ്യക്തമാക്കി. ഇതാണ് വസ്തുതയെന്നിരിക്കെ ശബരിമല വിഷയം മിണ്ടരുതെന്ന തരത്തിൽ അടച്ചൊരു നിർദ്ദേശം നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർക്ക് കഴിയില്ലെന്നും പരാതി ഉയരുന്ന സാഹചര്യത്തിൽ ചട്ടവും നിയമവും അനുസരിച്ച് പരിശോധിക്കുകയാണ് വേണ്ടതെന്നും പ്രമുഖ അഭിഭാഷകർ വിശദീകരിക്കുന്നു.

നിശ്ചിതവിഷയം ചർച്ച ചെയ്യരുതെന്ന് പറയാനാവില്ല

അയ്യപ്പന്റെ ചിത്രവും മതചിഹ്നങ്ങളും ഉപയോഗിച്ച് വോട്ടുതേടുക, തങ്ക അങ്കി ഘോഷയാത്ര ഉൾപ്പെടെയുള്ള മതപരമായ ചടങ്ങുകളുടെയും മറ്റും പേരിൽ വോട്ടു തേടുക തുടങ്ങിയവ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. എന്നാൽ ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി, സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്, പൊലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നതിൽ തെറ്റില്ല.

അഡ്വ. കൃഷ്ണദാസ് പി. നായർ

(മഞ്ചേശ്വരം തിരഞ്ഞെടുപ്പു കേസിൽ കെ. സുരേന്ദ്രന്റെ അഭിഭാഷകൻ)

ഏതു വിഷയം ചർച്ച ചെയ്യണമെന്ന് പറയാനാവില്ല

ഏതു വിഷയം തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യണമെന്ന് നിർദ്ദേശിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർക്ക് അധികാരമില്ല. ശബരിമല വിഷയത്തിൽ മതം മാത്രമല്ല, സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയടക്കമുള്ള വിഷയങ്ങൾ ഇതിലുണ്ട്. ഇതു ചർച്ച ചെയ്യാൻ പാടില്ലെന്ന് പറയാൻ കഴിയില്ല.

ടി. അസഫ് അലി (മുൻ പ്രോസിക്യൂഷൻ ഡയറക‌്ടർ ജനറൽ)

പൊതു വിഷയമെന്ന നിലയിൽ ഉന്നയിക്കുന്നതിൽ തെറ്റില്ല

ശബരിമലയിലെ മതവികാരവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തെറ്റാണ്. അത്രയും വരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ശരിയാണ്. പൊതുവായ വിഷയമെന്ന നിലയിൽ ഇതുന്നയിക്കുന്നതിൽ തെറ്റില്ല.

അഡ്വ. കാളീശ്വരം രാജ്

(ഭരണഘടനാ വിദഗ്ദ്ധൻ. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ)