kadav
തുരുത്തിലെ പടിഞ്ഞാറ് ഭാഗത്ത് പുറമ്പോക്ക് ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കടവ് പൊളിച്ച നിലയില്‍

ആലുവ: കടുത്ത ജലക്ഷാമം നേരിടുമ്പോൾ പെരിയാറിലെ പൊതു കുളിക്കടവ് സ്വകാര്യ വ്യക്തി തകർത്തതായി പരാതി. തുരുത്തിലെ പടിഞ്ഞാറ് ഭാഗത്ത് പുറമ്പോക്ക് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കടവാണ് വനിത ദിനത്തിൽ തകർത്തത്.
കുണ്ടലാകത്തൂട്ട് കടവിനോട് ചേർന്നാണ് കടവ്. തൊട്ടു മുകളിലുള്ള സ്വകാര്യ ഭൂമിയുടെ ഉടമസ്ഥൻ നേരത്തെ കടവിലേയ്ക്കുള്ള വഴി അടച്ച് കെട്ടിയിരുന്നു. നാട്ടുകാർ ചെങ്ങമനാട് പഞ്ചായത്തിൽ നൽകിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിൽ പുറമ്പോക്ക് ഭൂമിയായ പുഴയുടെ പള്ളം കൈയ്യേറി സ്വകാര്യ വ്യക്തി കൃഷി നടത്തുന്നതായി കണ്ടെത്തി.
വേലി കെട്ട് പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ടിട്ടും അത് നടപ്പാക്കിയില്ല. തുരുത്തിലെ കിണറുകളിൽ വെള്ളം കുറഞ്ഞതോടെ നാട്ടുകാർ കുളിയ്ക്കാനും അലക്കാനുമെല്ലാം ഈ കടവിലേയ്ക്ക് എത്താൻ തുടങ്ങി. ഇതോടെ നാട്ടുകാർ വേലികെട്ട് പൊളിച്ചു നീക്കി കടവിലേയ്ക്കുള്ള വഴി വീണ്ടെടുത്തു. ഇതിന് ശേഷമാണ് രാത്രി കടവ് കുത്തി പൊളിച്ചതെന്ന് പരിസരവാസികൾ ആരോപിക്കുന്നു.

കരിങ്കല്ല് കൊണ്ട് വൃത്തിയായി കെട്ടിതിരിച്ച കടവാണ് കമ്പിപാര ഉപയോഗിച്ച് തകർത്തത്. കടവില്ലെന്ന് സ്ഥാപിക്കുന്നതിനായി ചെളിയും പുല്ലും കോരിയിടുകയും ചെയ്തു. ഇത് ചെയ്തവരെ അറസറ്റ് ചെയ്ത് കടവ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ളവർ ഒപ്പിട്ട പരാതി ആലുവ പൊലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ട്.