കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയുള്ള പീഡനക്കേസിൽ അന്വേഷണം ഫലപ്രദമല്ലെന്ന ഹർജി തള്ളിയതിനെതിരെ ഇരയായ യുവതി നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് തള്ളി. അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് സാവകാശം നൽകണമെന്ന് അഭിപ്രായപ്പെട്ട ഡിവിഷൻബെഞ്ച് യുവതി പരാതി നൽകാൻ വർഷങ്ങൾ വൈകിയതും ചൂണ്ടിക്കാട്ടി. താൻ ജോലി ചെയ്തിരുന്ന സോളാർ കമ്പനിക്ക് സഹായം നൽകാമെന്ന് പറഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും കുറ്റപത്രം ഇനിയും നൽകിയിട്ടില്ലെന്നായിരുന്നു യുവതിയുടെ ആരോപണം. വൈകി നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് സാവകാശം നൽകണമെന്നും വേഗം അന്വേഷണം നടത്തണമെന്ന് നിർബന്ധിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ന്യായമായ വിചാരണ ഉറപ്പാക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു ആവശ്യം വിചാരണ ഘട്ടത്തിൽ പരിഗണിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ ഇൗ ആവശ്യമുന്നയിച്ചുള്ള ഹർജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. എന്നാൽ സമാനകേസിൽ മുൻമന്ത്രി കെ.സി. വേണുഗോപാലിനെതിരെ നൽകിയ ഹർജി ഇതേ ബെഞ്ചിൽ നിലവിലുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് യുവതി അപ്പീൽ നൽകിയത്.