thomas
യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പേ കെ.വി. തോമസിനു വേണ്ടി കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം

കൊച്ചി: ചുമരിൽ കൈ പതിഞ്ഞു, പക്ഷേ, സ്ഥാനാർത്ഥി ആരെന്ന് എഴുതിയിട്ടില്ല. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ് എഴുതിത്തുടങ്ങിയ ചുമരുകളിലെ കാഴ്ചയിതാണ്.ചിഹ്നം വരച്ചശേഷം സ്ഥാനാർത്ഥിയുടെ പേര് എഴുതാനുള്ള സ്ഥലം ഒഴിച്ചിട്ടിരിക്കുന്നു. തുടക്കത്തിൽ സിറ്റിംഗ് എം.പി കെ.വി തോമസ് സീറ്റ് ഉറപ്പിച്ചിരുന്നെങ്കിലും തർക്കങ്ങൾ ഉടലെടുത്തതോടെ തീരുമാനം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ എത്തിയിരിക്കുകയാണ്. കെ.വി. തോമസിന് തന്നെ വീണ്ടും നറുക്ക് വീഴുമോ അതോ ഹൈബി ഈഡൻ എം.എൽ.എയെ രംഗത്തിറക്കുമോ? അതറിയാൻ ഇനിയും രണ്ടുമൂന്ന് ദിവസങ്ങൾ കാക്കണം.ഇതിനിടയിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാന് വേണ്ടിയും ചിലയിടങ്ങളിൽ ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു.

അതേസമയം, യു.ഡി.എഫ് കോട്ടയായ എറണാകുളം പിടിക്കാൻ പി. രാജീവിനെ ഇറക്കി ഇടതുമുന്നണി പ്രചാരണം തുടങ്ങി. രാജീവിന്റെ വരവോടെയാണ് കോൺഗ്രസിലും യുവനേതാവിനെതന്നെ രംഗത്തിറക്കണമെന്ന ആവശ്യം ഉയരുന്നത്. അതോടെയാണ് ഹൈബി ഈഡന്റെ പേര് ഉയർന്നതും.

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്ന് നേരത്തെ ഹൈബി വ്യക്തമാക്കിയിരുന്നു. എന്നാൽ, കെ.വി തോമസ് തന്നെ എറണാകുളത്ത് സ്ഥാനാർത്ഥിയാകണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നത്. കെ.വി. തോമസിനെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.

eranakulam-
കൈപ്പത്തി ചിഹ്നം വരച്ച് യു.ഡി.എഫ് ബുക്ക് ചെയ്ത മതിൽ. തൊട്ടടുത്ത് എൽഡി.എഫ് ബുക്ക് ചെയ്തിരിക്കുന്നതും കാണാം

അതേസമയം, ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്ത് നിൽക്കാതെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സജീവമായിരിക്കുകയാണ് കെ.വി തോമസ്. സ്ഥാനാർത്ഥിയാണെന്ന വരവറിയിച്ച് വലിയ കട്ടൗട്ടുകളും ഫ്ളക്സുകളും ഇതിനോടകം ഉയർന്നിട്ടുണ്ട്. ഒരുവട്ടം കൂടി അവസരം നൽകണമെന്ന ആവശ്യം അദ്ദേഹം നേരത്തേ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. 1984 മുതൽ ആറു വട്ടം എറണാകുളത്ത് നിന്ന് ലോക്സഭയിലേക്കും ഒരിക്കൽ നിയമസഭയിലേക്കും മത്സരിച്ച മുതിർന്ന നേതാവിന് ഇക്കുറി കോൺഗ്രസ് ടിക്കറ്റ് നൽകുമോ എന്നറിയാൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം വരെ കാത്തിരിക്കണം. കെ.വി. തോമസാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലും.

എതിരാളികൾ ആരെന്ന് വ്യക്തമായില്ലെങ്കിലും സി.പി.എം സ്ഥാനാർത്ഥിയായ പി. രാജീവ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മണ്ഡലത്തിൽ സജീവമാണ്. രാജീവിനെ പോലെ ശക്തനായ സ്ഥാനാർത്ഥി സി.പി.എമ്മിന് വേണ്ടി മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് പാർട്ടി പ്രവർത്തകർ. രാജീവ് രാജ്യസഭാ അംഗമായിരുന്ന സമയത്ത് എറണാകുളം മണ്ഡലത്തിൽ പ്രത്യേകിച്ച് ജനറൽ ആശുപത്രിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആദ്യഘട്ട പ്രചരണം.

ബി.ജെ.പി സ്ഥാനാർത്ഥി ആരെന്നും ഇതുവരെ വ്യക്തമായിട്ടില്ല. കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർത്ഥികൾ കൂടി എത്തുന്നതോടെ എറണാകുളത്തെ പ്രചാരണം ഹൈപിച്ചിലേക്ക് കടക്കും. ഈയാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥി ചിത്രം എറണാകുളത്ത് വ്യക്തമാകും.