കൊച്ചി:കേരള കോൺഗ്രസിൽ നിന്ന് അന്തസായി ഇറങ്ങിവന്ന് കെ.എം.മാണിക്കെതിരെ പ്രതികരിക്കാൻ പറ്റില്ലെങ്കിൽ പി.ജെ.ജോസഫ് രാഷ്ട്രീയം നിറുത്തി പശുവിനെയും കറന്നു മാന്യമായി ജീവിക്കുന്നതാണ് നല്ലതെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ് എം.എൽ.എ. പത്രസമ്മേളനത്തിൽ പറഞ്ഞു.
കോട്ടയം സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ പി.ജെ. ജോസഫിന് ഇതല്ലാതെ മറ്റു വഴികളില്ല. മാണിയോടുള്ള അടിമമനോഭാവം മാറ്റണം. ആന്റണി രാജു ഉൾപ്പെടെ ഒപ്പം നിന്നവരെ ഓരോരുത്തരെയും മാണി നശിപ്പിച്ചപ്പോൾ മിണ്ടാതിരുന്നതിന്റെ ഫലമാണിപ്പോൾ അനുഭവിക്കുന്നത്. കോട്ടയത്ത് മത്സരിക്കാനുള്ള തന്റേടം ജോസഫ് കാട്ടണം. മത്സരിച്ചാൽ ജോസഫിനെ പിന്തുണയ്ക്കുന്നത് ജനപക്ഷം ആലോചിക്കുമെന്നും.
കോട്ടയത്ത് തോമസ് ചാഴിക്കാടൻ വിജയിക്കാൻ ഒട്ടും സാദ്ധ്യതയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സഹായിച്ചതിന് പകരം വി.എൻ. വാസവനെ സഹായിക്കാൻ ധാരണയുണ്ട്. ചാഴിക്കാടൻ മാറി നിഷ ജോസ് സ്ഥാനാർത്ഥിയായി വന്നാലും അത്ഭുതപ്പെടാനില്ല.
പത്തനംതിട്ടയിൽ മത്സരിക്കണമെന്നാണ് തന്റെ താല്പര്യം. പാർട്ടി യോഗം അന്തിമതീരുമാനമെടുക്കും. മത്സരിച്ചാൽ ജയിക്കും. എം.എൽ.എമാർ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിൽ തെറ്റില്ല. മുഴുവൻ മണ്ഡലങ്ങളിലും ആർക്കാണ് വോട്ട് നൽകേണ്ടതെന്നും പാർട്ടി തീരുമാനിക്കും.
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ശക്തമായി താൻ ഉന്നയിക്കും. ശബരിമലയെക്കുറിച്ച് മിണ്ടരുതെന്ന് പറയാൻ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് അധികാരമില്ല. പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ ഇമ്മാതിരി നിലപാട് സ്വീകരിക്കുന്നത് മോശമാണ്.
ആത്മഹത്യ ചെയ്ത കർഷകരുടെ വായ്പാ ബാദ്ധ്യതകൾ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണം. മൊറട്ടോറിയം കാലവധി കഴിഞ്ഞാലും പതിനാറര ശതമാനം പലിശയോടെ വായ്പ തിരിച്ചടയ്ക്കേണ്ടിവരുന്നത് ആത്മഹത്യകൾ പെരുകാനേ കാരണമാകൂവെന്ന് അദ്ദേഹം പറഞ്ഞു.