കൊച്ചി : നഗരത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രധാനപങ്ക് വഹിക്കുന്ന കരാറുകാരുടെ കുടിശിക ഉടൻ കൊടുത്തു തീർക്കുന്നതിനുള്ള നടപടി കോർപ്പറേഷൻ ഭരണാധികാരികൾ സ്വീകരിക്കണമെന്ന് മുൻ കൊച്ചി ഡെപ്യൂട്ടി മേയർ സാബു ജോർജ് ആവശ്യപ്പെട്ടു. കൊച്ചി കോർപ്പറേഷൻ കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ, കോൺട്രാക്‌ടേഴ്‌സ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ കരാറുകാർ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016 നവംബർ മുതൽ 28 മാസത്തെ കുടിശിക ബില്ലുകൾ നൽകുക, ജി.എസ്.ടി സംബന്ധിച്ച് സർക്കാർ ഉത്തരവ് നടപ്പാക്കുക, പുതുക്കിയ ഇൻഡക്‌സ് പ്രകാരം എസ്റ്റിമേറ്റുകൾ തയ്യാറാക്കുക, ട്രഷറി നിയന്ത്രണം പിൻവലിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.ആർ.ബിനു അദ്ധ്യക്ഷനായി. പ്രസിഡന്റ് കുമ്പളം രവി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഡി.ജോർജ്, എ.ജെ. സൈമൺ, കെ.എ. ഡേവിഡ്, വി.എസ്. ഹെൻട്രി, എ.കെ. അനൂപ്കുമാർ, കെ.ഐ .മൂസ എന്നിവർ സംസാരിച്ചു. സെബാസ്റ്റ്യൻ ആന്റണി, കെ.എ.അബ്ദുൾ കരീം, വേണു കറുകപ്പിള്ളി, ഫിലിപ്പ് പുളിക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.