കൊച്ചി: തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായുള്ള അനിമേഷൻ കമ്പനിയായ ടൂൺസ് മീഡിയ ഗ്രൂപ്പ് 20-ാം വർഷത്തിൽ ഡിജിറ്റൽ രംഗത്ത് കൂടുതൽ നിക്ഷേപത്തിനും വിദേശ രാജ്യങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനും ഒരുങ്ങുന്നു.

കുട്ടികൾക്കും കുടുംബങ്ങൾക്കുമായി അനിമേഷൻ വിനോദ പരിപാടികൾ നിർമ്മിക്കുന്ന ആഗോള സ്ഥാപനമാണ് ടൂൺസ്. സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികളിലൂടെയാണ് ടൂൺസിന്റെ തുടക്കം. അനിമേഷൻ ചിത്രങ്ങളുടെ നിർമ്മാണം, വിതരണം, സംപ്രേഷണം, ഗെയിമിംഗ്, ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ നിർമ്മാണം, പരിശീലനം എന്നീ മേഖലകളിലാണ് പ്രവർത്തിക്കുന്നത്.

യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലും സാന്നിദ്ധ്യമുള്ള ടൂൺസ് ആഫ്രിക്ക, ജമൈക്ക, സ്‌പെയിൻ, അയർലൻഡ്, ഐസിൽ ഒഫ് മാൻ എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ തുടങ്ങുമെന്ന് സി.ഇ.ഒ പി. ജയകുമാർ പറഞ്ഞു. ഡിജിറ്റൽ രംഗത്തെ വികസനത്തിന് 40 മുതൽ 45 കോടി രൂപ വരെ കമ്പനി നിക്ഷേപിക്കും.

കമ്പനിയുടെ തിരുവനന്തപുരത്തെ സ്റ്റുഡിയോയിൽ 600 പേർ ജോലി ചെയ്യുന്നുണ്ട്. ആഗോളതലത്തിൽ ഏഴ് കോടി ഡോളറാണ് നിലവിൽ കമ്പനിയുടെ വരുമാനം. അഞ്ചുവർഷത്തിനകം ഇത് 25 കോടി ഡോളറിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.