ആലുവ: മഹാത്മാഗാന്ധി സർവകലാശാല ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ ദേശീയപാതയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആട്ടോറിക്ഷ തൊഴിലാളികൾ കണ്ടെടുത്തു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ തോട്ടയ്ക്കാട്ടുകര സിഗ്നലിനു സമീപത്ത് റോഡിൽ ചിതറിക്കിടക്കുകയായിരുന്നു 39 ഉത്തരക്കടലാസുകൾ. 2018 ഡിസംബർ 12ന് നടന്ന ബി.എസ്‌സി ബയോടെക്‌നോളജി മൂന്നാം സെമസ്റ്റർ ജെനറ്റിക് പരീക്ഷയുടെ ഉത്തരക്കടലാസുകളാണിവ. വാഹനങ്ങൾ ഓടുന്നതിനിടെ പറന്നുനടന്ന ഉത്തരക്കടലാസുകൾ സമീപത്തെ സ്റ്റാൻഡിലെ ആട്ടോറിക്ഷ ഡ്രൈവർമാർ പെറുക്കിയെടുത്തു.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ മുഖാന്തരം ഇവ ആലുവ പൊലീസിന് കൈമാറി.
ആലുവയിലെ പ്രമുഖ കലാലയത്തിലെ അദ്ധ്യാപിക മൂല്യനിർണയത്തിനായി വീട്ടിൽ കൊണ്ടുപോയ ശേഷം മടക്കിക്കൊണ്ടുവരുമ്പോൾ നഷ്ടപ്പെട്ടതെന്നാണ് സൂചന.
എം.ജി സർവകലാശാല പരീക്ഷയുടെ മൂല്യനിർണയം സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി അദ്ധ്യാപകരുടെ വീടുകളിൽ നടത്തുന്നത് സംബന്ധിച്ച് നേരത്തേ മുതൽ ആക്ഷേപം ഉണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ ഒമ്പതിന് 'കേരളകൗമുദി' വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. ഇതേ കലാലയത്തിലെ അദ്ധ്യാപകർക്കെതിരെയാണ് വീണ്ടും ആക്ഷേപം ഉയരുന്നത്.
ഉദ്യോഗസ്ഥർക്കെതിരെ നടപടി
റോഡിൽ ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന അദ്ധ്യാപികയെയും ചീഫ് എക്‌സാമിനറെയും ക്യാമ്പ് ഓഫീസറെയും പരീക്ഷ ജോലികളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു. സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതി കൺവീനർ ഡോ. ആർ. പ്രഗാഷ്, സിൻഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ് എന്നിവരടങ്ങിയ സമിതിയെ അന്വേഷണത്തിനും നിയോഗിച്ചു. രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.