കൊച്ചി: എളംകുളം ചിലവന്നൂർ കായൽ നികത്തിയുള്ള നഗരസഭയുടെ പദ്മസരോവരം പദ്ധതിക്ക് കളക്ടറുടെ സ്റ്റോപ് ഉത്തരവ്. 2011ലെ തീരദേശ മേഖലാ വിജ്ഞാപനത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാനുള്ള നോട്ടീസ് കഴിഞ്ഞദിവസം കളക്ടർ നഗരസഭാ സെക്രട്ടറിക്ക് നൽകിയത്.
തീരദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരദേശ പരിപാലന അതോറിട്ടിയുടെ അനുവാദം വാങ്ങണമെന്നാണ് 2011ലെ വിജ്ഞാപനം പറയുന്നത്. എന്നാൽ, പദ്മസരോവരം പദ്ധതിക്ക് അനുമതി വാങ്ങിയിരുന്നില്ലെന്നും അത് കിട്ടുന്നത് വരെ നിർമ്മാണം നിറുത്തിവച്ച് റിപ്പോർട്ട് ചെയ്യണമെന്നുമാണ് കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ തീരദേശ പരിപാലന അതോറിട്ടി ചെയർമാൻ കൂടിയാണ് കളക്ടർ മുഹമ്മദ് വൈ സഫീറുള്ള.
കൊച്ചിമേയർ സൗമിനി ജയിനിന്റെ ഡിവിഷനിലായിരുന്നു വിവാദ നിർമ്മാണം. കായലിന് നടുവിലൂടെ സൈക്കിൾ പാത നിർമ്മിക്കുന്നതിന് മണ്ണിട്ട് നികത്തുന്നതിനെതിരെ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരിന്നു. നഗരസഭയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെട്ട പത്മസരോവരം പദ്ധതിയുടെ നിർമ്മാണ ചുമതല കൊച്ചിമെട്രോ റെയിൽ കോർപ്പറേഷനാണ്. കളമശേരി ആസ്ഥാനമായ സ്വകാര്യ കമ്പനിയെയാണ് നിർമ്മാണം ഏൽപ്പിച്ചിരുന്നത്. പൈലിംഗിന് ബലം പകരാൻ താത്കാലിക ബണ്ട് നിർമ്മിക്കുകയായിരുന്നുവെന്നായിരുന്നു മെട്രോയുടെ വാദം. ഇതിന്റെ മറവിൽ ചുറ്റുമുള്ള പുഞ്ചപ്പാടവും നികത്തുന്നുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. തുടർന്ന് കായൽ നികത്തുന്നത് തടഞ്ഞുകൊണ്ട് വില്ലേജ് ഓഫീസർ നിർമ്മാണ കമ്പനിക്ക് നോട്ടീസ് നൽകുകയും ഇതിന്റെ പേരിൽ വില്ലേജ് ഓഫീസറെ സ്ഥലംമാറ്റി ഉത്തരവിറങ്ങുകയും ചെയ്തിരുന്നു. ഈ നടപടി വിവാദമായതോടെ അന്ന്തന്നെ കളക്ടർ സ്ഥലംമാറ്റം ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. അതിന് ശേഷമാണ് കളക്ടർ നഗരസഭയ്ക്ക് സ്റ്റോപ്പ് നോട്ടീസ് നൽകിയത്.
തീരദേശ പരിപാലന വിജ്ഞാപനത്തിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനാൽ ഇനി നിർമ്മാണാനുമതി ലഭിക്കുക എളുപ്പമാവില്ല. ഇതോടെ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫണ്ട് ലഭ്യമായ പദ്മസരോവരം പദ്ധതി അനിശ്ചിതത്വത്തിലാകുമെന്നുറപ്പായി.